India - 2024

നായ്ക്കംപറമ്പിലച്ചനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് വിൻസെൻഷ്യൻ സഭ

പ്രവാചക ശബ്ദം 18-01-2021 - Monday

ഇടപ്പള്ളി: ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ഫാ. മാത്യു നായ്ക്കംപറമ്പിലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വാർത്താകുറിപ്പുമായി അദ്ദേഹം അംഗമായിരിക്കുന്ന വിന്‍സന്‍ഷ്യന്‍ സഭ. അഭയയുടെ നിര്‍ഭാഗ്യകരമായ മരണത്തെയും ജീവിതത്തേയും സംബന്ധിച്ച് അവധാനത കുറവോടെ പ്രാര്‍ത്ഥനാ ശുശ്രൂഷക്കിടയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് സഭാധികാരികള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വയോധികനായ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് മാപ്പു പറഞ്ഞെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ആഗോളസഭയിലെ നവസുവിശേഷവല്‍ക്കരണ രംഗത്ത് അദ്ദേഹം നല്‍കിയ അതുല്യമായ സേവനങ്ങളേയും വിശ്വസ്തമായ സമര്‍പ്പണത്തേയും ഈ അവസരം മുതലെടുത്ത് തള്ളിപ്പറയുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.

വാർത്ത കുറിപ്പിന്റെ പൂർണ്ണരൂപം: ‍

പ്രിയരേ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലുമായി ഫാ. മാത്യു നായ്ക്കംപറമ്പിലിനെ സംബന്ധിച്ച് നടക്കുന്ന അഭിപ്രായപ്രകടനങ്ങളെയും ചര്‍ച്ചകളെയും അദ്ദേഹം അംഗമായിരിക്കുന്ന വിന്‍സന്‍ഷ്യന്‍ സഭ ജാഗ്രതയോടെയും വേദനയോടെയും വീക്ഷിച്ചുവരികയാണ്. സി. അഭയയുടെ നിര്‍ഭാഗ്യകരമായ മരണത്തെയും ജീവിതത്തേയും സംബന്ധിച്ച് അവധാനത കുറവോടെ പ്രാര്‍ത്ഥനാ ശുശ്രൂഷക്കിടയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് സഭാധികാരികള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വയോധികനായ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് മാപ്പു പറയുകയുണ്ടായി. അദ്ദേഹത്തോടൊപ്പം വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹവും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

എന്നാല്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ആഗോളസഭയിലെ നവസുവിശേഷവല്‍ക്കരണരംഗത്ത് അദ്ദേഹം നല്‍കിയ അതുല്യമായ സേവനങ്ങളേയും വിശ്വസ്തമായ സമര്‍പ്പണത്തേയും ഈ അവസരം മുതലെടുത്ത് തള്ളിപ്പറയുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനുസരണയോടെ തന്‍റെ തെറ്റിന് പരസ്യമായി മാപ്പുപറയുകയും വേദനയോടെ ഞങ്ങള്‍ക്കിടയില്‍ പ്രാര്‍ത്ഥനയിലായിരിക്കുകയും ചെയ്യുന്ന മാത്യു അച്ചന്‍റെ അനുതാപത്തിന് ഞങ്ങള്‍ നേര്‍സാക്ഷികളാണ്. സുവിശേഷവല്‍ക്കരണ ആത്മീയ നവീകരണ രംഗത്ത് അദ്ദേഹം കാലങ്ങളായി നല്‍കിയ നേതൃശുശ്രൂഷയെ നന്ദിയോടെ സ്മരിക്കുകയും തുടര്‍ന്നും നിങ്ങളുടെ സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

വിൻസെൻഷ്യൻ ജനറലേറ്റ്, ഇടപ്പള്ളി ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »