India - 2025
ദളിത് ക്രൈസ്തവരുടെ രാഷ്ട്രീയ സമിതിക്ക് രൂപം നല്‍കി
പ്രവാചക ശബ്ദം 29-01-2021 - Friday
ചങ്ങനാശേരി: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ ദളിത് സംഘടനാ നേതാക്കള്‍ ചേര്‍ന്ന് ദളിത് ക്രൈസ്തവരുടെ രാഷ്ട്രീയ സമിതിക്ക് രൂപം നല്‍കി. സമിതിയുടെ ചെയര്‍മാനായി വി.ജെ. ജോര്‍ജ് (സിഡിസി ജനറല്‍ കണ്‍വീനര്‍), ജനറല്‍ കണ്‍വീനറായി ജയിംസ് ഇലവുങ്കല്‍ (ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ്), ഫൈനാന്‍സ് കണ്വീ നറായി അഡ്വ: കെ.ആര്‍. പ്രസാദ് (സിഎസ് ഐ സൗത്ത് കേരളസഭ), പബ്ലിസിറ്റി കണ്വീ.നറായി രാജന്‍ മാത്യു (ബാപ്റ്റിസ്റ്റ് സഭാ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ സഭകളെ പ്രതിനിധീകരിച്ച് 15 കണ്‍വീനര്‍മാരെയും അഞ്ച് വൈസ് ചെയര്‍മാന്‍മാരെയും തെരഞ്ഞെടുത്തു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് ക്രൈസ്തവര്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നയവും സമീപനവും സമിതി വിശദമായ ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ വിവിധ രാഷ്ട്രീയ മുന്നണികള്‍ ദളിത് ക്രൈസ്തവരെ അവഗണിച്ചു വരികയാണെന്നു യോഗം വിലയിരുത്തി. ഈ സാഹചര്യം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും ദളിത് െ്രെകസ്തവര്‍ക്ക് മുന്‍തൂക്കമുള്ള നിയോജകമണ്ഡലങ്ങളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.