News - 2025

രാജ്യങ്ങള്‍ക്ക് ഭ്രൂണഹത്യയ്ക്ക് സാമ്പത്തിക സഹായം: ബൈഡൻ സർക്കാരിനെതിരെ യു‌എസ് മെത്രാൻ സമിതി

പ്രവാചക ശബ്ദം 30-01-2021 - Saturday

വാഷിംഗ്ടണ്‍ ഡി‌. സി: വികസ്വര രാജ്യങ്ങളിലെ സംഘടനകള്‍ക്ക് ഭ്രൂണഹത്യയ്ക്ക് സാമ്പത്തിക സഹായം നൽകാനുള്ള പ്രസിഡന്‍റ് ജോ ബൈഡൻ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് അമേരിക്കൻ മെത്രാൻ സമിതി രംഗത്ത്. ജനുവരി 28നാണ് വിവാദ ഉത്തരവിൽ യു‌എസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചത്. മനുഷ്യജീവന് വിലകൽപ്പിക്കുന്ന സംഘടനകൾക്ക് മാത്രം സാമ്പത്തിക സഹായം നൽകുന്നതിന് വ്യവസ്ഥ ചെയ്യുന്ന മെക്സിക്കോ സിറ്റി പോളിസി എന്ന നിയമം ഇതോടുകൂടി അസാധുവായി. പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം ബൈഡൻ എടുക്കുന്ന ആദ്യ തീരുമാനങ്ങളിലൊന്ന് വികസ്വര രാജ്യങ്ങളിലെ മനുഷ്യജീവനെ നശിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നത് വേദനാജനകമായ കാര്യമാണെന്ന് അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ ആർച്ചു ബിഷപ്പ് ജോസഫ് നൗമാനും, അന്താരാഷ്ട്ര നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മിറ്റിയുടെ അധ്യക്ഷൻ ഡേവിഡ് മലോയിയും ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു.

പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവ് യുക്തിഹീനവും, മനുഷ്യ മഹത്വത്തെ ഹനിക്കുന്നതും, കത്തോലിക്കാസഭയുടെ പഠനങ്ങൾക്ക് വിരുദ്ധവുമാണെന്ന് മെത്രാന്മാർ ചൂണ്ടിക്കാട്ടി. നല്ല കാര്യങ്ങൾ ചെയ്യാൻ, പ്രത്യേകിച്ച് പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരെ സംരക്ഷിക്കാൻ പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിക്കണമെന്ന് മെത്രാന്‍മാര്‍ ജോ ബൈഡനോട് ആവശ്യപ്പെട്ടു. ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിച്ചുകൊണ്ട് തന്നെ സ്ത്രീകളുടെ ആരോഗ്യം പരിപാലിക്കുന്നതിനു വേണ്ടി സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ലോകത്തിൽ ഏറ്റവും കൂടുതൽ ആരോഗ്യരംഗത്ത് സംഭാവന നൽകുന്ന സർക്കാരിതര പ്രസ്ഥാനമായ കത്തോലിക്കാസഭ സന്നദ്ധമാണെന്നും മെത്രാന്മാർ കൂട്ടിച്ചേർത്തു. സർക്കാർ തങ്ങളോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് കൊണ്ടാണ് അമേരിക്കന്‍ മെത്രാന്‍മാരുടെ കുറിപ്പ് അവസാനിക്കുന്നത്. 1973-ലെ പ്രമാദമായ ‘റോയ് വി. വെയ്ഡ്’ കേസിന്റെ വാര്‍ഷിക ദിനത്തില്‍ ഭ്രൂണഹത്യയെ പരോക്ഷമായി അനുകൂലിച്ചുകൊണ്ട് ജോ ബൈഡന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയും നേരത്തെ യു‌എസ് ബിഷപ്പുമാര്‍ രംഗത്തുവന്നിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »