News - 2025

അന്യായമായി തടങ്കലിലായ 70 എറിത്രിയന്‍ ക്രൈസ്തവര്‍ മോചിതരായി

പ്രവാചക ശബ്ദം 09-02-2021 - Tuesday

അസ്മാര: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലെ മൂന്നു ജയിലുകളില്‍ നിന്ന്‍ വിചാരണ കൂടാതെ അന്യായമായി പാര്‍പ്പിച്ചിരുന്ന 70 ക്രൈസ്തവര്‍ മോചിതരായി. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനു തലസ്ഥാന നഗരമായ അസ്മാരക്ക് സമീപമുള്ള മായി സെര്‍വാ, ആദി അബെയ്റ്റോ എന്നീ ജയിലുകളില്‍ പാര്‍പ്പിച്ചിരുന്ന 21 സ്ത്രീകളേയും 43 പുരുഷന്‍മാരേയും മോചിപ്പിക്കുവാന്‍ എറിത്രിയന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരിന്നുവെന്ന്‍ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്’ (സി.എസ്.ഡബ്യു) റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അറസ്റ്റിലായ ആറ് സ്ത്രീകള്‍ ജനുവരി 27ന് മോചിതരായിരുന്നു.

ഇപ്പോള്‍ മോചിതരായവരില്‍ രണ്ടു മുതല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ വരെ ജയിലില്‍ തടങ്കലില്‍ കഴിഞ്ഞവരുണ്ട്. എറിത്രിയന്‍ ജനസംഖ്യയുടെ പകുതിയോളം ക്രൈസ്തവരാണെങ്കിലും സര്‍ക്കാര്‍ അംഗീകാരമുള്ള സഭകളില്‍ ഉള്‍പ്പെടാത്ത ക്രൈസ്തവര്‍ക്ക് കടുത്ത പീഡനങ്ങളെ അഭിമുഖീകരിക്കേണ്ടതായും, ജയിലുകളില്‍ മനുഷ്യത്വരഹിതമായ അവസ്ഥയില്‍ കഴിയേണ്ടതായും വരുന്നുണ്ട്. ഇസ്ലാം, കത്തോലിക്കര്‍, ഓര്‍ത്തഡോക്സ്, ലൂഥറന്‍ ചര്‍ച്ച് എന്നിവ ഒഴികെയുള്ള എല്ലാ മതവിഭാഗങ്ങളെയും എറിത്രിയയിലെ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടം നിയമവിരുദ്ധമാക്കിയിരിക്കുകയാണ്.

നിലവില്‍ ഏതാണ്ട് അഞ്ഞൂറോളം ക്രിസ്ത്യാനികള്‍ എറിത്രിയയിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. അറസ് ചെയ്യപ്പെടുന്ന ക്രൈസ്തവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാറില്ലയെന്നതാണ് ശ്രദ്ധേയമായ വസ്തുത. ലോകത്തെ ഏറ്റവും മോശം ജയിലുകളിലൊന്നായാണ് എറിത്രിയയിലെ ജയിലുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഷിപ്പിംഗ് കണ്ടയിനറുകളിലാണ് ജയില്‍ അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്നത്. ക്രൈസ്തവരെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്തതിനോടൊപ്പം, എത്യോപ്യയിലെ ടൈഗ്രേ മേഖലയില്‍ എറിത്രിയ നടത്തുന്ന അതിക്രമങ്ങളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുവാനാണെന്നാണ്‌ ഇപ്പോഴത്തെ നടപടിയെന്നു ‘ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്’ പറയുന്നത്.

എറിത്രിയന്‍ സൈന്യം എത്യോപ്യയിലെ ടൈഗ്രേ മേഖലയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും, വംശഹത്യക്ക് കാരണമായേക്കാവുന്ന ആക്രമണങ്ങളും നടത്തുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെക്കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ ആറാമതാണ് എറിത്രിയയുടെ സ്ഥാനം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »