Life In Christ

നൊബേൽ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ മിഷ്ണറി വൈദികനും

ഫാ. ജിയോ തരകന്‍/ പ്രവാചക ശബ്ദം 12-02-2021 - Friday

ബ്യൂണസ് അയേഴ്സ്: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ മഡഗാസ്കറിൽ മിഷൻ പ്രവർത്തനം നടത്തുന്ന വൈദികനും. അർജൻ്റീനിയന്‍ സ്വദേശിയും വിൻസെൻഷ്യൻ സഭാംഗവുമായ ഫാ. പെഡ്രോ ഓപേകയെയാണ് സമാധാന നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പാവങ്ങളെ സേവിക്കാനായി അദ്ദേഹം സ്ഥാപിച്ച 'അകമാസോവ' അഥവാ 'നല്ല സുഹൃത്ത്' എന്ന സംഘടന പതിനായിരങ്ങളുടെ കണ്ണീരാണ് തുടച്ചുമാറ്റുന്നത്. നാലായിരം വീടുകള്‍ നിര്‍ധനര്‍ക്ക് നിര്‍മ്മിച്ച് നല്കിയ സംഘടന 13,000 പാവപ്പെട്ട കുട്ടികളുടെ പഠന ചെലവുകളും ഏറ്റെടുത്തു.

സ്ലോവേനിയൻ പ്രധാനമന്ത്രിയായ ജാനെസ് ജാന്‍സയാണ് ഫാ. പെഡ്രോയുടെ പേര് നോബേൽ സമ്മാനത്തിന് നിർദേശിച്ചത്. അദ്ദേഹത്തിൻ്റെ കുടുംബം കമ്മ്യൂണിസ്റ്റ് ഭരണത്തിൻ്റെ ആക്രമണങ്ങൾ നിമിത്തം സ്ലോവേനിയയിൽ നിന്ന് അർജൻ്റീനയിലേക്ക് കുടിയേറുകയായിരിന്നു. 2019 സെപ്റ്റംബർ മാസത്തിൽ ഫ്രാൻസിസ് പാപ്പ മഡഗാസ്കർ സന്ദർശിച്ചപ്പോൾ ഫാ. പെഡ്രോയുടെ പ്രവർത്തനങ്ങൾ നടക്കുന്ന ചേരികളിൽ സന്ദര്‍ശനം നടത്തിയിരിന്നു. ഫാ. പെഡ്രോ സെമിനാരിയിൽ ചേർന്നത് ഫ്രാൻസിസ് പാപ്പ മെത്രാപ്പോലീത്തയായിരുന്ന അർജൻ്റീനയിലെ ബ്യൂണസ് അയേഴ്സിൽ തന്നെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

കോവിഡ് കാലയളവില്‍ വൈദികന്റെ നേതൃത്വത്തില്‍ സംഘടന അനേകായിരങ്ങളിലേക്ക് സഹായമെത്തിച്ചിരിന്നു. കഴിഞ്ഞ ദിവസം പാപ്പയുടെ ഇടപെടൽ നിമിത്തം പാവപ്പെട്ട രാജ്യങ്ങളുടെ അന്തർദേശീയ തലത്തിലുള്ള കടങ്ങൾ കൊറോണ സാഹചര്യത്തിൽ എഴുതിത്തള്ളാൻ തീരുമാനം എടുത്തിരുന്നു. അതിന് പാപ്പയോട് ഫാ. പാബ്ലോ ഒപേക നന്ദി പറഞ്ഞിരുന്നു. ഗ്രേറ്റ ഗ്രേറ്റ തുൻബെ‍ർഗ്, ഡൊണാള്‍ഡ് ട്രംപ്, സ്റ്റേസി അബ്രാം, ജെറാഡ് കുഷ്‌നർ എന്നിവരാണ് സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരിലെ മറ്റ് പ്രമുഖർ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 56