Life In Christ - 2025

“ഓരോ ജീവിതവും ദൈവത്തിനു അമൂല്യം”: മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ ടിം ടെബോയുടെ പ്രഖ്യാപനം

പ്രവാചക ശബ്ദം 01-02-2021 - Monday

ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് പകര്‍ച്ചവ്യാധി മൂലം ചരിത്രത്തില്‍ ആദ്യമായി വിര്‍ച്വലായി നടന്ന നാല്‍പ്പത്തിയെട്ടാമത് മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പ്രശസ്ത അമേരിക്കന്‍ ബേസ്ബോള്‍ താരവും ‘എന്‍.എഫ്.എല്‍’ ക്വാര്‍ട്ടര്‍ബാക്കുമായ ടിം ടെബോ ഉള്‍പ്പെടെയുള്ള പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകരുടെ പങ്കാളിത്തം. ഗര്‍ഭാവസ്ഥയില്‍ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടായിട്ട് പോലും തന്നെ ഭ്രൂണഹത്യ ചെയ്യാതിരിക്കുവാനുള്ള അമ്മയുടെ തീരുമാനത്തെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ടെബോ നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗം ശ്രോതാക്കളുടെ കണ്ണുനനച്ചു. “ജീവിതത്തില്‍ എനിക്ക് അവസരം നല്‍കിയതില്‍ അമ്മയോടെനിക്ക് നന്ദിയുണ്ട്. കാരണം ഗര്‍ഭഛിദ്രം ചെയ്യുവാന്‍ അമ്മക്ക് വേണമെങ്കില്‍ പലപ്പോഴും തീരുമാനിക്കാമായിരുന്നു. അമ്മ കാരണമാണ് എനിക്കിന്ന് ഈ പ്രോലൈഫ് അനുഭവം പറയുവാന്‍ കഴിഞ്ഞതെന്നും ഇക്കഴിഞ്ഞ ജനുവരി 29ന് നടന്ന പരിപാടിയില്‍ ടെബോ പറഞ്ഞു.

ഓരോ ജീവനും ദൈവത്തിന് പ്രധാനപ്പെട്ടതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും, യേശു ക്രിസ്തുവിന് ഒരു ദൗത്യമുണ്ടായിരുന്നെന്നും, ഭൂമിയിലേക്കിറങ്ങി വന്ന് കുരിശില്‍ മരണത്തേ കീഴടക്കുകയും ലോകത്തെ മറികടക്കുകയും ചെയ്ത രക്ഷാകര ദൗത്യമായിരുന്നു അതെന്നും, കുരിശിലേക്ക് പോകുമ്പോള്‍ യേശുവിന്റെ മുന്നിലുണ്ടായിരുന്ന ആനന്ദം നാമായിരിന്നുവെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. കെന്റക്കി മൈനോരിറ്റി വിപ്പായി സേവനം ചെയ്യുന്ന ഡെമോക്രാറ്റിക്‌ നിയമസഭാംഗം ആങ്കി ഹാട്ടണും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

ജനിക്കുവാനിരിക്കുന്ന ശിശുക്കളെ സംരക്ഷിക്കുവാന്‍ നിയമസഭയില്‍ വോട്ട് ചെയ്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും, ഗര്‍ഭഛിദ്രം ഇല്ലാതാക്കുവാന്‍ കൂട്ടായ ഉഭയകക്ഷി ശ്രമം ആവശ്യമാണെന്നും അവര്‍ പ്രസ്താവിച്ചു. അമേരിക്കന്‍ ഫുട്ബോള്‍ ടീമായ ‘ന്യൂ ഇംഗ്ലണ്ട് പാട്രിയോട്ട്’ന്റെ മുന്‍ താരവും ഗ്രന്ഥരചിതാവുമായ ബെഞ്ചമിന്‍ വാട്സണും പത്നിയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ക്രിസ് സ്മിത്ത്, ഹവായി സ്റ്റേറ്റ് സെനറ്റര്‍ മൈക്ക് ഗബ്ബാര്‍ഡ്, പാസ്റ്റര്‍ ജെ.ഡി. ഗ്രീര്‍ എന്നിവരടക്കമുള്ള പ്രമുഖരും മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ സന്ദേശം നല്‍കി. അബോര്‍ഷന്റെ വിനാശകരവും, ഭിന്നിപ്പിക്കുന്നതുമായ യഥാര്‍ത്ഥ്യത്തെ എടുത്ത് കാട്ടുകയാണ് പ്രമേയത്തിന്റെ അര്‍ത്ഥമെന്ന് ആമുഖ പ്രസംഗം നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ഡിഫന്‍സ് ഫണ്ടിന്റെ ജിയാന്നെ മാന്‍സിനി പറഞ്ഞു. സിസ്സി ഗ്രഹാം ലിഞ്ചിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടിക്ക് തിരശീല വീണത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 55