Life In Christ - 2025
'മാഞ്ചസ്റ്ററിലെ മദര്‍ തെരേസ' മദര്‍ എലിസബത്തിന്റെ നാമകരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് സഭ
പ്രവാചക ശബ്ദം 25-01-2021 - Monday
ലിവര്‍പൂള്‍: 'മാഞ്ചസ്റ്ററിലെ മദര്‍ തെരേസ' എന്നറിയപ്പെട്ടിരുന്ന മദര്‍ എലിസബത്ത് പ്രൌട്ടിനെ ധന്യ പദവിയിലേക്ക് ഉയര്‍ത്തിയ വത്തിക്കാന്‍ നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് സഭ. ഷ്ര്യൂസ്ബറിയില്‍ ജനിച്ച എലിസബത്ത് പ്രൌട്ട് വിശുദ്ധ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന അറിയിപ്പ് ഏറെ ആഹ്ലാദം പകരുകയാണെന്ന് ഷ്ര്യൂസ്ബറി ബിഷപ്പ് മോണ്‍. മാര്‍ക്ക് ഡേവിസ് പറഞ്ഞു. കോളറയും, ടൈഫോയ്ഡും പടര്‍ന്നുപിടിച്ചുകൊണ്ടിരുന്ന കാലത്ത് പാവപ്പെട്ട രോഗികള്‍ക്കിടയില്‍ സേവനം ചെയ്ത സിസ്റ്റര്‍ എലിസബത്ത് പ്രൌട്ടിന്റെ വീരോചിത പുണ്യകര്‍മ്മങ്ങള്‍ ഈ കൊറോണക്കാലത്ത് തന്നെ അംഗീകരിച്ച നടപടി ഏറ്റവും ഉചിതമായെന്നും മെത്രാന്‍ പറഞ്ഞു. ഇംഗ്ലീഷ് ജനതയ്ക്കും തിരുസഭയ്ക്കും മദര്‍ നല്‍കിയ സേവനങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന രംഗങ്ങളില്‍ പ്രത്യേകിച്ച് മദര്‍ സ്ഥാപിച്ച സ്ഥാപനങ്ങളില്‍ പ്രകടമാണെന്നു ലിവര്‍പൂള്‍ മെത്രാപ്പോലീത്ത മോണ്‍. മാല്‍ക്കം മക്മാഹന്‍ പറഞ്ഞു.
1820-ല്‍ ഷ്യൂസ്ബറിയിലാണ് മദര്‍ എലിസബത്ത് ജനിച്ചത്. ആംഗ്ലിക്കന്‍ സഭയില്‍ ജ്ഞാനസ്നാനം സ്വീകരിച്ച മദര്‍, ഇറ്റാലിയന്‍ മിഷ്ണറിയായിരിന്ന വാഴ്ത്തപ്പെട്ട ഡൊമിനിക്ക് ബാര്‍ബെരിയുടെ പ്രചോദനത്താല്‍ ഇരുപതാമത്തെ വയസ്സില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. കുരിശിന്റെ വിശുദ്ധ പോളിന്റെ ആത്മീയ പ്രേരണയാലാണ് മദര്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞത്. മാഞ്ചസ്റ്ററിലെ ഐറിഷ് കുടിയേറ്റക്കാര്‍ക്കിടയിലും ഫാക്ടറി തൊഴിലാളികള്‍ക്കിടയിലും നിരാലംബരായ സ്ത്രീകള്‍ക്കിടയിലും ആശ്വാസവും അഭയവുമായി സിസ്റ്റര്‍ തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരിന്നു. ഇക്കാലയളവില്‍ സിസ്റ്റര്‍ നിരവധി സ്കൂളുകുളും, ഹോസ്റ്റലുകളും സ്ഥാപിച്ചു.
ഇരുപതു വനിതകള്‍ക്കൊപ്പം സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ക്രോസ് ആന്‍ഡ് പാഷന്‍ (പാഷ്നിസ്റ്റ്) സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറലും മദര്‍ എലിസബത്ത് തന്നെയായിരുന്നു. 1863-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പ ഈ സന്യാസിനീ സമൂഹത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. 1864 ജനുവരി 11ന് നാല്‍പ്പത്തിമൂന്നാമത്തെ വയസ്സില്‍ ക്ഷയരോഗ ബാധിതയായാണ് സിസ്റ്റര്‍ മരണപ്പെടുന്നത്. സട്ടണിലെ സെന്റ് ആന്‍സ് ദേവാലയത്തില്‍ അടക്കം ചെയ്തിരിക്കുന്ന മദറിന്റെ കബറിടത്തില്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാന്‍ എത്താറുണ്ട്. സിസ്റ്റര്‍ ആരംഭം കുറിച്ച സന്യാസിനി സമൂഹം പാപ്പുവ ന്യൂ ഗ്വിനിയ, അർജന്റീന, ചിലി, പെറു, ജമൈക്ക തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഇന്നു സജീവമായി സേവനനിരതരാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക