Life In Christ - 2025

‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം സ്വീകരിച്ചതിന് പിന്നാലെ ബൈബിള്‍ വാക്യം ഏറ്റുച്ചൊല്ലി അമേരിക്കന്‍ താരം

പ്രവാചക ശബ്ദം 11-02-2021 - Thursday

വാഷിംഗ്ടണ്‍ ഡി‌.സി: നാഷ്ണല്‍ ഫുട്ബോള്‍ ലീഗില്‍ (എന്‍.എഫ്.എല്‍) ഉള്‍പ്പെട്ട പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ്ബ് സിയാറ്റിൽ സീഹോകസിന്റെ ക്വാര്‍ട്ടര്‍ ബാക്കും പ്രശസ്ത അമേരിക്കന്‍ ഫുട്ബോള്‍ താരവുമായ റസ്സല്‍ വില്‍സന്‍ എന്‍.എഫ്.എല്‍ ‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം സ്വീകരിച്ചത് ബൈബിള്‍ വാക്യം ഏറ്റുച്ചൊല്ലി കൊണ്ട്. ഞായറാഴ്ചത്തെ സൂപ്പര്‍ ബൗള്‍ മത്സരത്തിനു മുന്നോടിയായി നടന്ന സി.ബി.എസ് സൂപ്പര്‍ ബൗള്‍ പ്രീഗെയിം ഷോയില്‍ പുരസ്കാരം സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ 1 കോറിന്തോസ് 13:4 സുവിശേഷ വാക്യം ഉദ്ധരിച്ചുകൊണ്ട് ‘സ്നേഹം ദീര്‍ഘക്ഷമയും, ദയയുമുള്ളതാണെന്ന് റസ്സല്‍ വില്‍സന്‍ പറഞ്ഞു. ‘ സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു’ എന്ന ബൈബിള്‍ വാക്യവും അദ്ദേഹം ഏറ്റുച്ചൊല്ലി.

കളിക്കളത്തിലെ മികവിനും, കളിക്കളത്തിനു പുറത്തുള്ള സാമൂഹ്യ സേവന-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കളിക്കാരന് നല്‍കുന്ന പുരസ്കാരമാണ്, എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായിരുന്ന വാള്‍ട്ടര്‍ പെയ്ട്ടണിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിയ ‘ദി വാള്‍ട്ടര്‍ പെയ്ട്ടണ്‍ എന്‍.എഫ്.എല്‍ മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം. സീറ്റിലിലെ കുട്ടികളുടെ ആശുപത്രിയിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന വില്‍സണ്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടി പടപൊരുതുന്ന ‘വൈ നോട്ട് യു ഫൗണ്ടേഷന്‍’ എന്ന യുവജന സന്നദ്ധ സംഘടന സ്ഥാപിച്ചിരിന്നു. കോവിഡ് പകര്‍ച്ചവ്യാധി കാലത്ത് ‘ഫീഡിംഗ് അമേരിക്ക’ക്കും, ഫുഡ് ലൈഫ് ലൈനുമായി പത്തുലക്ഷം ഭക്ഷണപൊതികളാണ് വില്‍സന്‍ സംഭാവന ചെയ്തത്. ഏവിയേഷന്‍ കമ്പനിയായ ‘വീല്‍സ് അപ്’ന്റെ പങ്കാളിത്തത്തോടെ അഞ്ചു കോടി ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യവുമായി ‘മീല്‍സ് അപ്’ എന്ന പ്രചാരണ പരിപാടിക്കും താരം രൂപം കൊടുത്തിട്ടുണ്ട്.


Related Articles »