Life In Christ

ക്രിസ്തീയ ക്ഷമയുടെ അതുല്യമാതൃക ലോകത്തോട് പ്രഘോഷിച്ച ദമ്പതികളുടെ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും

പ്രവാചക ശബ്ദം 02-02-2021 - Tuesday

സിഡ്നി: ഓസ്ട്രേലിയായിലെ സിഡ്നിയിലെ ഓട്ട്ലൻഡിൽ ഓമനിച്ച് വളര്‍ത്തിയ മൂന്നു മക്കളുടെ ജീവൻ കവർന്ന മദ്യപാനിയായ ട്രക്ക് ഡ്രൈവറോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച് ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ മഹത്തായ മാതൃക ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തിയ മാതാപിതാക്കൾ കുട്ടികളുടെ മരണ വാര്‍ഷികത്തോട് അനുബന്ധിച്ച് 'ക്ഷമിക്കാനുള്ള ക്യാംപെയിന്‍' ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നാം തീയതി കാർ അപകടത്തിൽ മരണമടഞ്ഞ നാല് കുട്ടികളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് മറ്റുള്ളവരോട് ക്ഷമിക്കാനായി പ്രോത്സാഹനം നൽകുന്ന 'ഐ ഫോർഗീവ്' എന്ന പേരിലുള്ള ക്യാംപെയിനാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ മാതാപിതാക്കൾ തുടക്കം കുറിച്ചത്.

സിഡ്‌നിയിലെ ഓട്ട്‌ലാൻഡ്‌സ് ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ബട്ടിംഗ്ടൺ റോഡിലൂടെ നടന്നുപോകവേ ലീല അബ്ദല്ലയുടെ മൂന്ന് മക്കൾ ഉൾപ്പെടെ നാല് കുട്ടികളെ സാമുവൽ വില്യം ഡേവിഡ്‌സൺ എന്നയാളുടെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരിന്നു ഇയാള്‍ വാഹനമോടിച്ചിരിന്നത്. പതിമൂന്നു വയസ്സുകാരൻ ആന്റണി അബ്ദളള, പന്ത്രണ്ടു വയസ് ഉണ്ടായിരുന്ന ഏജലീന, ഒന്‍പതു വയസ്സുകാരി സിയന്ന, ഇവരുടെ ബന്ധു എന്നിവരാണ് കാറപകടത്തിൽ അന്ന് മരണമടഞ്ഞത്. അപ്രതീക്ഷിതമായി മക്കളെ നഷ്ട്ടപ്പെട്ടവരെങ്കിലും കുറ്റവാളിയായ ആ മനുഷ്യനോടു ശത്രുതയില്ലായെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നുവെന്നും ആ മാതാപിതാക്കള്‍ പറയുകയായിരിന്നു.

ഇക്കഴിഞ്ഞ ഒന്നാം വാര്‍ഷിക ദിനത്തില്‍ മരിച്ച കുട്ടികളുടെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്ത് ക്ഷമയുടെ പ്രാധാന്യത്തെ പറ്റി മറ്റുള്ളവരോട് പങ്കുവെച്ചു. ബന്ധങ്ങളെപ്പറ്റി ആഴത്തിൽ ചിന്തിക്കാൻ അവിടെ കൂടിയിരുന്ന ആളുകളോട് അവർ ആവശ്യപ്പെട്ടു. "തങ്ങൾക്ക് നേരിട്ട ദൗർഭാഗ്യം ഒരു വലിയ നന്മയാക്കി മാറ്റാൻ തങ്ങൾ തീരുമാനിച്ചു. ആദർശത്തോടെ ഞങ്ങളുടെ കുരിശുകൾ വഹിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പകയ്ക്ക് പകരം ഞങ്ങൾ സ്നേഹവും, ക്ഷമയും തെരഞ്ഞെടുത്തു". മരിച്ച മൂന്നു കുട്ടികളുടെ അമ്മയും, സിഡ്നിയിലെ ഔർ ലേഡി ഓഫ് ലെബനോൻ കത്തീഡ്രലിലെ ഇടവകാംഗവുമായ ലൈല അബ്ദളള പറഞ്ഞു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിൽ സമാധാനത്തിന്റെ ചിഹ്നമായ പ്രാവുകളെയും, ചിത്രശലഭങ്ങളെയും ആകാശത്തിലേക്ക് പറത്തി.

ക്ഷമയുടെ മാതൃക ലോകത്തിന് പകര്‍ന്ന അബ്ദളള കുടുംബത്തെ മോറിസൺ അഭിനന്ദിച്ചു. 'സ്വർഗ്ഗസ്ഥനായ പിതാവേ' പ്രാർത്ഥനയെ പറ്റിയും, അതിലെ ക്ഷമിക്കാനുള്ള സന്ദേശത്തെ പറ്റിയും പ്രധാനമന്ത്രി പറഞ്ഞു. വേദനകളും, സഹനങ്ങളും നേരിട്ടാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സാധിക്കുകയുളളൂ. അങ്ങനെ വേദനയിലൂടെയും വിലാപത്തിലൂടെയും കടന്നു പോകുമ്പോൾ പോലും ക്ഷമയെ പറ്റി പറയുകയും, അത് ജീവിച്ചു കാണിക്കുകയും ചെയ്യുന്ന മരിച്ച കുട്ടികളുടെ കുടുംബം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലത്തു രൂപങ്ങളും ജപമാലകളും സ്ഥാപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നിരവധി പേര്‍ എത്തുന്നുണ്ടായിരിന്നുവെന്നതു ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »