India - 2024

മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണം: ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി

05-03-2021 - Friday

കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഏറെ ആശങ്കകളും പ്രതിസന്ധികളും അനഭവിക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഈ സമൂഹം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണമെന്നും കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊല്ലം രൂപതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണ സഭകളിലും അധികാരകേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്വരമെത്താത്തിടത്തോളം അവരുടെ ദയനീയ സ്ഥിതികള്‍ക്ക് മാറ്റമുണ്ടാകില്ല. അതിനാല്‍ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കുന്നതിന് താത്പര്യം കാട്ടണമെന്ന് ബിഷപ്പ് പറഞ്ഞു.

വിശിഷ്യ മത്സ്യമേഖലയിലെ ഗുരുതര വിഷയങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം നടത്തുന്ന പാര്‍ട്ടികളെങ്കിലും ഈ കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനം കാട്ടണം. കടലോര, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ പ്രധാന കേന്ദ്രമായ കൊല്ലം നിയമസഭാ മണ്ഡലം അവര്‍ക്കായി നീക്കി വയ്ക്കണമെന്നും ഡോ. പോള്‍ ആന്റണി മുല്ലശേരി ആവശ്യപ്പെട്ടു. സമുദായത്തിലെ അടിസ്ഥാന ജനവിഭാഗമായ മത്സ്യത്തൊഴിലാളി സമൂഹം അനുഭവിക്കുന്ന യാതനകള്‍ക്ക് കാരണമാകുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ സമുദായ നേതൃത്വത്തില്‍ നിന്നും അല്‍മായരുടെ പക്കല്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎല്‍സിഎ കൊല്ലം രൂപതാ പ്രസിഡന്റ് അനില്‍ ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍, ലെസ്റ്റര്‍ കാര്‍ഡോസ്, തോമസ് ആന്റണി, അജു ബി. ദാസ്, ജോസഫ്കുട്ടി കടവില്‍, പ്രസാദ് ആന്റണി, ജാക്‌സണ്‍ നീണ്ടകര, വിന്‍സി ബൈജു, എഡിസണ്‍, ജോയി ഫ്രാന്‍സിസ്, എഡ്വേര്‍ഡ് ജെ. ലറ്റീഷ്യാ, റോണ റിബൈറോ, ബിജു ടി. ചെറുകോല്‍ എന്നിവര്‍ പ്രസംഗിച്ചു


Related Articles »