Seasonal Reflections - 2024

കുരിശടയാളത്താൽ ആശീർവ്വദിക്കുന്ന ജോസഫ്

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 21-02-2021 - Sunday

ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങൾ അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതത്തോടെയാണ് (The Miracle of the Sun). അതേക്കുറിച്ച്, അതിനു സാക്ഷിയായ മൂന്ന് ഇടയബാലകരിൽ ഒരാളും പിൽക്കാലത്ത് സന്യാസവ്രതം സ്വീകരിക്കുകയും ചെയ്ത സിസ്റ്റർ ലൂസി വിവരിക്കുന്നത് ഇപ്രകാരമാണ്:

"ഈ സൂര്യാത്ഭുതത്തിനു മുന്നു ദൃശ്യങ്ങൾ ഉണ്ടായിരുന്നു...ഒന്നാമത്തെ ദൃശ്യത്തിൽ, വിശുദ്ധ യൗസേപ്പിതാവ് സൂര്യനു സമീപം ഉണ്ണീശോയും ജപമാല റാണിയുമായി വന്നുനിന്നു. തിരുകുടുംബമായിരുന്നു ദൃശ്യത്തിൽ. വെള്ളയും നീലയും കലർന്ന മേലങ്കിയാണ് പരിശുദ്ധ കന്യകാമറിയം അണിഞ്ഞിരുന്നത്. വിശുദ്ധ യൗസേപ്പിതാവ് വെള്ളവസ്ത്രവും ഉണ്ണീശോ ഇളം ചുവപ്പു വസ്ത്രവും അണിഞ്ഞിരുന്നു. തടിച്ചുകൂടിയ ജനസമൂഹത്തെ വിശുദ്ധ യൗസേപ്പ് കുരിശടയാളത്താൽ മൂന്നു പ്രാവശ്യം ആശീർവദിച്ചു. ഉണ്ണീശോയും അപ്രകാരം തന്നെ ചെയ്തു."

ജർമ്മൻ ദൈവശാസ്ത്രജ്ഞനായ റോമാനോ ഗ്വാർഡിനിയുടെ (Romano Guardini) അഭിപ്രായത്തിൽ “നിങ്ങളുടെ ജീവിതം മുഴുവനും - ശരീരം, ആത്മാവ്, മനസ്സ്, ഇച്ഛാശക്തി, ചിന്തകൾ, വികാരങ്ങൾ, നിങ്ങളുടെ ചെയ്തികളും - കുരിശിനാൽ മുദ്ര ചെയ്യുമ്പോൾ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ക്രിസ്തുവിന്റെ ശക്തി നിങ്ങളെ ബലപ്പെടുത്തുകയും പവിത്രീകരിക്കുകയും ചെയ്യുന്നു." രക്ഷയുടെ അടയാളമായ കുരിശിനാൻ ജനസമുഹത്തെ മൂന്നു പ്രാവശ്യം ആശീർവ്വദിക്കുന്ന യൗസേപ്പിതാവ്, ഈശോയുടെ നാമത്തിൽ നമ്മളെ പവിത്രീകരിക്കുയും ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അവൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും അതായിരുന്നു.

രക്ഷയുടെ വഴി ഈശോയുടെ കുരിശിൻ്റെ വഴിയാണന്നു യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. കുരിശിൽ നിന്ന് ഓടിയകലുമ്പോൾ രക്ഷകനിൽ നിന്നാണ് നാം അകലം പാലിക്കുന്നത്. കുരിശിനെ ആശ്ലേഷിക്കാൻ ഈശോയെ ഒരുക്കിയത് മനുഷ്യവതാര രഹസ്യത്തിൻ്റെ ആരംഭത്തിൽ കുരിശിൻ്റെ വഴികളിലൂടെ സ്വയം നടക്കാൻ തീരുമാനിച്ച യൗസേപ്പിൻ്റെ നിശ്ചയ ദാർഢ്യമായിരുന്നു.


Related Articles »