News

ക്രൈസ്തവര്‍ക്ക് പാര്‍ലമെന്റ് സീറ്റുകള്‍ ഉറപ്പു നല്‍കുന്ന ഉത്തരവില്‍ പലസ്തീന്‍ പ്രസിഡന്റ് ഒപ്പുവെച്ചു

പ്രവാചക ശബ്ദം 22-02-2021 - Monday

അമ്മാന്‍: 132 അംഗ പലസ്തീന്‍ നിയമസഭാ കൗണ്‍സിലില്‍ ചുരുങ്ങിയത് 7 പാര്‍ലമെന്റ് സീറ്റുകളെങ്കിലും ക്രൈസ്തവ സമൂഹങ്ങളില്‍പ്പെട്ടവര്‍ക്ക് ഉറപ്പുനല്‍കുന്ന ഉത്തരവില്‍ ഇന്നലെ ഞായറാഴ്ച (21/02/2021) പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഒപ്പുവെച്ചു. ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ നിയമസാമാജികരെ തെരഞ്ഞടുക്കുവാനായി പാലസ്തീന്‍ ജനത തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാലസ്തീന്‍ നാഷ്ണല്‍ അതോറിറ്റിയുടെ പ്രസിഡന്റും, ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാനുമായ മഹമൂദ് അബ്ബാസിന്റെ ഉത്തരവ്. ക്രൈസ്തവ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പലസ്തീനിലെ ഇസ്ലാമിക പോരാളി സംഘടനയായ ഹമാസ് വിജയിച്ചതിന് ശേഷം ഇതാദ്യമായാണ് രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാന്‍ പോകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സില്‍ അംഗങ്ങള്‍ പലസ്തീന്‍ ജനതയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കണമെന്നും, പലസ്തീന്‍ ജനതയുടെ ബഹുസ്വരതയെ ഉള്‍കൊണ്ടുകൊണ്ട് തങ്ങളുടെ പ്രാതിനിധ്യവും, രാഷ്ട്രീയ അനുഭവസമ്പത്തും വഴി സ്ത്രീകളും, പലസ്തീനി ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന മുഴുവന്‍ സമൂഹത്തേയും പ്രതിനിധീകരിക്കണമെന്നും നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ബെത്ലഹേമിലെ മുന്‍ മേയറായിരുന്ന വേരാ ബബോണ്‍ പറഞ്ഞു.

ക്രൈസ്തവര്‍ക്ക് വേണ്ടി ഇതുപോലെ തുറന്ന ക്വാട്ട ഒഴിച്ചിടുന്നത് ഇതാദ്യമായാണെന്ന്‍ ചര്‍ച്ച് അഫയേഴ്സ് പ്രസിഡന്‍ഷ്യല്‍ ഹയര്‍ കമ്മിറ്റിയുടെ തലവനായ റാംസി ഖൂറി പ്രതികരിച്ചു. പാലസ്തീന്‍ ജനത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ജെറുസലേമിലെ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത സെബാസ്റ്റ്യ അതള്ള ഹന്നാ പറഞ്ഞപ്പോള്‍, ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലില്‍ ക്രിസ്തീയ സാന്നിധ്യം നിലനിര്‍ത്തുന്നതിന് പാര്‍ലമെന്റില്‍ ക്രൈസ്തവ പ്രതിനിധികളുടെ സാന്നിധ്യം ആവശ്യമാണെന്നാണ്‌ പലസ്തീന്‍ ബൈബിള്‍ സൊസൈറ്റിയുടെ തലവനായ നാഷട് ഫില്‍മോന്റെ പ്രതികരണം.

പാലസ്തീനിലെ ക്രൈസ്തവര്‍ വ്യക്തിപരവും, മതപരവുമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും ഇതിനെതിരെ ഒരു നിയമനിര്‍മ്മാണം നടത്തേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലിന്റെ ഉത്തരവാദിത്തമാണെന്നും വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാക്കുവാന്‍ പുതിയ പ്രതിനിധികള്‍ ശ്രമിക്കണമെന്നും മുന്‍ ക്രിസ്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലും അല്‍ കുഡ്സ് ദിനപത്രത്തിന്റെ മുന്‍നിര കോളമെഴുത്തുകാരനുമായ ഇബ്രാഹിം ഡേയ്ബസ് പറഞ്ഞു. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ബെര്‍ണാര്‍ഡ് സാബെല്ലായും ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.


Related Articles »