News - 2025

ദുരിതമൊഴിയാതെ നൈജീരിയ: കൊള്ളക്കാർ കത്തോലിക്ക ദേവാലയവും ഭവനങ്ങളും തകർത്തു

പ്രവാചക ശബ്ദം 23-02-2021 - Tuesday

കടൂണ: ഭരണനേതൃത്വത്തിന്റെ ക്രിയാത്മകമായ പ്രതികരണത്തിന്റെ അഭാവത്തില്‍ നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതസഹചര്യം കൂടുതല്‍ ക്ലേശകരമാകുന്നു. രാജ്യത്തു ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന കടൂണ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി കത്തോലിക്കാ ദേവാലയവും, രണ്ട് ഭവനങ്ങളും ഇക്കഴിഞ്ഞ ദിവസം ആയുധങ്ങളുമായി എത്തിയ കൊള്ളക്കാർ നശിപ്പിച്ചു. കൊള്ളക്കാരെ ഗ്രാമത്തിന് പുറത്ത് കണ്ട വിവരം അറിഞ്ഞ ജനങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തിരിന്നുവെന്ന് ആഭ്യന്തര വകുപ്പിലെ കമ്മീഷണറായ സാമുവൽ അരുവാൻ പിന്നീട് വെളിപ്പെടുത്തി.

പാഞ്ഞെടുത്ത കൊള്ളക്കാർ കത്തോലിക്ക ദേവാലയവും, ഭവനങ്ങളും തീവെച്ച് നശിപ്പിക്കുകയായിരുന്നു. സംസ്ഥാന ഗവർണർ എൽ-റുഫേയ് സംഭവത്തെ അപലപിച്ചു. കൊള്ളക്കാർക്കെതിരെയും, മറ്റ് അക്രമികൾക്കെതിരെയും തന്റെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സമാധാനത്തിന്റെ ശത്രുക്കളാണ് അക്രമം നടത്തിയതെന്ന് മനസ്സിലാക്കി വിശ്വാസത്തിൽ അടിയുറച്ചു നിൽക്കാൻ അദ്ദേഹം ജനങ്ങൾക്ക് ആഹ്വാനം നൽകി. സുരക്ഷാ വിഭാഗങ്ങളോട് മേഖലയിലെ പട്രോളിങ് ശക്തമാക്കാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൽ-റുഫേയ് കൂട്ടിച്ചേർത്തു.

എന്നാല്‍ ഭരണകൂടങ്ങള്‍ സുരക്ഷ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥ ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ദയനീയമാകുകയാണ്. രാജ്യത്ത് നടമാടുന്ന അരക്ഷിതാവസ്ഥ എക്കാലത്തെയുംക്കാൾ ഉയർന്ന നിലയിലാണ്. കൊള്ളക്കാരുടെയും, ബൊക്കോഹറാം പോലുള്ള തീവ്രവാദി സംഘടനകളുടെയും ശക്തമായ സ്വാധീനത്താല്‍ അനേകം നൈജീരിയന്‍ പൌരന്മാരാണ് കൊല്ലപ്പെടുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായ ക്രൈസ്തവ വിശ്വാസികളാണ്. രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളിൽ ആശങ്കയിലായിരിക്കുന്ന ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയാറാകണമെന്ന് അടുത്തിടെ നൈജീരിയന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയോട് ആവശ്യപ്പെട്ടിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »