News - 2024

വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ വംശഹത്യ ചെയ്യപ്പെടുന്നു; എട്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരങ്ങള്‍

സ്വന്തം ലേഖകന്‍ 31-05-2016 - Tuesday

അബൂജ: വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ പല കാരണങ്ങളാല്‍ കൂട്ടമായി കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. കഫാഞ്ചന്‍ രൂപതയുടെ ബിഷപ്പായ ജോസഫ് ബഗോബിരി യുഎന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 2006 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം രാജ്യത്ത് 11,500 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 1.3 മില്യണ്‍ ക്രൈസ്തവര്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ പലായനം ചെയ്യേണ്ടി വന്നു. ഇതേ സമയത്ത് 13,000 ദേവാലയങ്ങൾ ഈ മേഖലയില്‍ തകര്‍ക്കപ്പെട്ടു.

വടക്കന്‍ നൈജീരിയയുടെ ഭാഗമായ അഡമാവ, ബോര്‍ണോ, കാനോ, യോബി എന്നീ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം രൂക്ഷമായിരിക്കുന്നത്. ഇവിടെയുള്ളവരെ 'ഫുലാനി ഹെര്‍ഡ്‌സ്മന്‍' എന്ന മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമിക്കുന്നത്. ആക്രമണം സഹിക്കാന്‍ കഴിയാതെ വന്നതോടെ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലുള്ളവര്‍ ക്രൈസ്തവര്‍ കൂടുതലുള്ള രാജ്യത്തിന്റെ മധ്യമേഖലയിലേക്ക് മാറി താമസിക്കുവാന്‍ തുടങ്ങി. ഇവിടേക്കും മുസ്ലീം മതവിശ്വാസികളായ ഫുലാനികളുടെ ആക്രമണം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. ഫുലാനികള്‍ കൂടുതലും കാലിവളര്‍ത്തലിലൂടെയാണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. ഇവര്‍ തങ്ങളുടെ കന്നുകാലികളെ ക്രൈസ്തവരുടെ കൃഷിയിടങ്ങളിലേക്ക് ഇറക്കി വിട്ട് കൃഷി മുഴുവനും നശിപ്പിക്കുകയാണ് പതിവ്.

ക്രൈസ്തവര്‍ക്ക് പരമ്പരാഗതമായി ലഭിച്ച സ്ഥലങ്ങളിലേക്കും ഇവര്‍ കൈയ്യേറ്റം നടത്തുന്നു. അഗാട്ടു, ഗ്വാന്‍ടു, കഡൂണ തുടങ്ങിയ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ ശക്തമായ ആക്രമണം നടക്കുക പതിവാണ്. വംശഹത്യ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പല ആക്രമണങ്ങളും നടത്തപെടുന്നത്. ഒറ്റരാത്രി കൊണ്ടു 300 പേരെ വരെയാണ് ആക്രമികള്‍ ഈ സ്ഥലങ്ങളില്‍ കൊലപ്പെടുത്തുന്നത്. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ അടിയന്തരമായി പതിയണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു. വിശ്വാസത്തിന്റെ പേരില്‍ ഒരു ജനതയെ രാജ്യത്തു നിന്നും തുടച്ചു നീക്കുവാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി സമൂഹം ചെറുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

More Archives >>

Page 1 of 44