India - 2025
മുന്നണികള്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണം: കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി
പ്രവാചക ശബ്ദം 26-02-2021 - Friday
കോട്ടയം: മുന്നണികള്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ സംഗമം ആവശ്യപ്പെട്ടു. കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം സിഎസ്‌ഐ ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ നടത്തിയ സംഗമത്തില്‍ മദ്യനയം മയപ്പെടുത്തരുതെന്ന നിലപാടാണു ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുറത്തിറക്കുന്ന പ്രകടന പത്രികകളില്‍ ഘട്ടംഘട്ടമായി മദ്യനിരോധനവും പഞ്ചായത്ത് നഗരപാലികാ നിയമങ്ങള്‍ നടപ്പാക്കി തദ്ദേശ ഭരണകൂടങ്ങളുടെ സ്വയംഭരണാവകാശം പുനഃസ്ഥാപിച്ചു നല്കലും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കേരളത്തിലെ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്നു ജനകീയ പ്രതിരോധം ആരംഭിക്കുമെന്നും യോഗം അറിയിച്ചു.
മദ്യവ്യാപനം കുറയ്ക്കുമെന്നു വാഗ്ദാനം നല്കിയ ഇടതുപക്ഷത്തിന് അതിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷവും നിരവധി മദ്യശാലകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്കി. പ്രതിപക്ഷം ഇതിനെ എതിര്‍ത്തതുമില്ല. വിമുക്തിയിലൂടെ കോടികള്‍ ചെലവാക്കിയെന്നു പറയുന്ന സര്‍ക്കാരിനോട് ലഹരി വിമുക്തി നേടിയ 100 പേരുടെ മേല്‍വിലാസവും ഫോണ്‍ നന്പറും പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടു. കോട്ടയം, കൊച്ചി മാര്‍ത്തോമ്മ ഭദ്രാസന ബിഷപ് ഏബ്രഹാം മാര്‍ പൗലോസ് സംഗമം ഉദ്ഘാടനം ചെയ്തു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. ക്‌നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് സമര ജ്വാല തെളിച്ചു.
യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാന്‍സിസ്, കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, മാങ്ങാനം ട്രാഡ സെക്രട്ടറി ആന്‍ഡ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, സിഎസ്‌ഐ മധ്യ കേരള മഹായിടവക ബിഷപ് റവ. മലയില്‍ സാബു കോശി ചെറിയാന്‍, റവ.ഡോ. ടി.ടി. സഖറിയ, റവ. അലക്‌സ് പി. ഉമ്മന്‍, ഡോ. അശോക് അലക്‌സ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.