News

മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക സന്യാസിനിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം

പ്രവാചക ശബ്ദം 27-02-2021 - Saturday

ഖജുരാഹോ: മധ്യപ്രദേശില്‍ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് സഭാംഗവും സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂൾ പ്രിൻസിപ്പാളുമായ കത്തോലിക്ക സന്യാസിനിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം. സ്കൂളിലെ ജോലിയില്‍ തുടര്‍ച്ചയായ വീഴ്ച വരുത്തിയ റൂബി സിംഗ് എന്ന അധ്യാപികയാണ് പ്രധാന അധ്യാപികയായ സിസ്റ്റർ ഭാഗ്യ എന്ന സന്യാസിനിയ്ക്കെതിരെ വ്യാജ മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ തന്നെ സിസ്റ്റർ ഭാഗ്യ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ഫെബ്രുവരി 22നു ഖജുരാഹോ പോലീസ് സ്റ്റേഷനിൽ റൂബി സിംഗ് പരാതിനൽകിയിരുന്നു. സ്കൂൾ നഴ്സറിയിൽ അസിസ്റ്റൻറ് അധ്യാപിക എന്ന പദവിയിലാണ് 2016-17 കാലയളവിലാണ് റൂബി സിംഗ് ജോലി ചെയ്തത്. 2019 ജൂലൈ മാസത്തില്‍ സിസ്റ്റർ ഭാഗ്യ സ്കൂളിലെ പ്രധാന അധ്യാപികയുടെ ചുമതല ഏറ്റെടുത്തു.

ആ സമയത്ത് മറ്റ് അധ്യാപകരുടെ പകരക്കാരി ആയിട്ടാണ് റൂബി ജോലിചെയ്തിരുന്നത്. അധ്യാപന മേഖലയില്‍ റൂബിക്ക് തന്റെ പ്രാഗത്ഭ്യം സാധിക്കാതിരുന്നതിനാൽ അവർക്ക് ഓഫീസ് അസിസ്റ്റൻറ് ജോലി സിസ്റ്റർ ഭാഗ്യ നൽകി. എന്നാൽ ഇതേവര്‍ഷം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഒരു ജോലിയും ചെയ്യാതെ റൂബി സിംഗ് ഓഫീസിൽ തന്നെ തുടര്‍ന്നു. ജനുവരി മാസം മുതൽ അവർ ചില ജോലികൾ ചെയ്യാൻ ആരംഭിച്ചെങ്കിലും, ജോലി ചെയ്യാതിരുന്ന മാസങ്ങളിലെ ശമ്പളം ചോദിച്ച് സ്കൂൾ അധികൃതർക്ക് നേരെ തിരിയുകയായിരിന്നു. സിസ്റ്റർ ഭാഗ്യ ഓഫീസിൽ ഇല്ലാതിരിക്കുന്ന സമയങ്ങളിൽ സിസ്റ്ററുടെ കസേരയിൽ റൂബി സിംഗ് കയറി ഇരിക്കുമായിരുന്നുവെന്ന് വരെ ആരോപണമുണ്ടായിരിന്നു.

ലോക്ക്ഡൗൺ നാളുകൾക്ക് ശേഷം അവർ സ്കൂളിലെത്തി ജോലിയും, ശമ്പളവും ആവശ്യപ്പെട്ടു. സിസ്റ്റർ ഭാഗ്യ, റൂബി സിങ്ങിന് ജൂലൈ 17, 2020 വരെ ലൈബ്രറിയിൽ ജോലി നൽകി. ഈ നാളുകളിൽ സ്കൂളിലേക്ക് വിദ്യാർത്ഥികളോ, അധ്യാപകരോ വരുന്നുണ്ടായിരുന്നില്ല. അതിനാൽ തന്നെ മറ്റ് എവിടെയെങ്കിലും ജോലി നോക്കാൻ സിസ്റ്റർ ഭാഗ്യ റൂബി സിംഗിനോട് ആവശ്യപ്പെട്ടു. ജോലി ചെയ്യാതിരുന്ന മൂന്ന് മാസത്തെ ശമ്പളം നിർബന്ധിച്ച് കൈപ്പറ്റിയെങ്കിലും ജനുവരി 31 വരെ അവരുടെ ഭാഗത്തുനിന്ന് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2020 ഡിസംബർ മാസം, സ്കൂൾ ഫീസായി ലഭിക്കുന്ന തുകയ്ക്ക് അനുസൃതമായി മാത്രമേ ശമ്പളം നൽകുകയുളളൂവെന്ന് സിസ്റ്റർ ഭാഗ്യ അധ്യാപകരെ അറിയിച്ചു. ആവശ്യമായ പണം ലഭിക്കാത്തതിനാൽ ശമ്പളം നൽകുന്നത് അല്പം വൈകിയ ദിവസങ്ങളിൽ സ്കൂളിലെ ഹിന്ദി അധ്യാപകയായിരുന്ന ഉഷ ഒരു ജോലിക്കാരിയെ വിളിച്ച് ഫെബ്രുവരി മാസം പത്താം തീയതി സ്കൂളിൽ വലിയൊരു സംഭവം ഉണ്ടാകുമെന്നും, മാധ്യമങ്ങളെല്ലാം എത്തുമെന്നും ഭീഷണിപ്പെടുത്തി.

കുട്ടികളുടെ മാതാപിതാക്കളെ പലരെയും താൻ കണ്ടിരുന്നുവെന്നും അവരെല്ലാം ഫീസ് അടച്ചതായി തന്നോട് പറഞ്ഞുവെന്നും ഉഷ പറഞ്ഞു. യഥാർത്ഥത്തിൽ 1000 വിദ്യാർത്ഥികളുള്ള സ്കൂളിൽ, വെറും 74 പേർ മാത്രമേ ഫീസ് അടച്ചിരുന്നുളളൂ. ഫെബ്രുവരി പത്താം തീയതി റൂബി സിംഗ് ഗേറ്റിന്റെ സമീപത്തെത്തി ആക്രോശിക്കുകയും, ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെ മറ്റ് ജോലിക്കാരുടെ നിർദ്ദേശപ്രകാരം സിസ്റ്റർ ഭാഗ്യ സുരക്ഷാ ഭീഷണി മുൻനിർത്തി ഖജുരാഹോ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പത്തൊമ്പതാം തിയതി പോലീസ് കേസ് അന്വേഷണത്തിനായി സ്കൂളിൽ എത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഫെബ്രുവരി 22നു മധ്യപ്രദേശ് ഫ്രീഡം ഓർഡിനൻസ് നിയമപ്രകാരം സിസ്റ്റർ ഭാഗ്യക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യപ്പെട്ടു. തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്ന വ്യാജ ആരോപണമാണ് അവര്‍ കേസില്‍ ഉന്നയിച്ചത്.

സ്കൂൾ ഫീസ് ലഭിക്കുന്നതിന് അടിസ്ഥാനത്തിൽ മാത്രമേ ശമ്പളം നൽകുകയുള്ളൂവെന്ന് സിസ്റ്റർ ഭാഗ്യ പറഞ്ഞതിനു ശേഷമാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായതെന്ന് സത്ന രൂപയ്ക്ക് വേണ്ടി ഫാ. പോൾ വർഗീസ് ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. ശമ്പളം നൽകാൻ താമസം എടുത്തതിന്റെ പ്രതികാരമായി അധ്യാപികയായ ഉഷ റൂബി സിംഗിനെ മുൻനിർത്തി തത്പര കക്ഷികള്‍ സിസ്റ്ററിനെതിരെ കേസ് നൽകുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. പാക്കിസ്ഥാനില്‍ വ്യക്തിവൈരാഗ്യമുള്ളവര്‍ വ്യാജ പ്രവാചകനിന്ദ ആരോപിച്ച് ക്രൈസ്തവരെ കുടുക്കുന്നത് പതിവ് സംഭവമാണ്. ഇതിന് സമാനമായ വിധത്തില്‍ ഭാരതത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവരെ കുടുക്കുവാനുള്ള ശ്രമം പ്രബലപ്പെടുന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »