News - 2025

മുറിപ്പാടുകള്‍ക്കിടെ പത്രോസിന്റെ പിന്‍ഗാമിയെ വരവേല്‍ക്കാന്‍ ഇറാഖ് തയാര്‍: പാപ്പ ഇന്ന് അബ്രാഹാമിന്റെ മണ്ണില്‍ കാല്‍കുത്തും

പ്രവാചക ശബ്ദം 05-03-2021 - Friday

ബാഗ്ദാദ്: ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ അധിനിവേശങ്ങളും നല്കിയ ആഴമേറിയ മുറിവുകള്‍ക്കിടെ പത്രോസിന്റെ പിന്‍ഗാമി ഫ്രാന്‍സിസ് പാപ്പയെ വരവേല്‍ക്കുവാന്‍ ഇറാഖ് തയാര്‍. ഇന്ന് വെള്ളിയാഴ്ച (മാര്‍ച്ച് 5) രാവിലെ റോമിൽനിന്നും പുറപ്പെടുന്ന പാപ്പ ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലെ എയര്‍പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞ് 02.00 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 4:30) എത്തിച്ചേരും. വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം 02.10 കൂടി വിമാനത്താവളത്തിലെ ലോഞ്ചിൽവച്ച് പ്രധാനമന്ത്രിയുമായി സ്വകാര്യകൂടിക്കാഴ്ച നടക്കും. മൂന്നു മണിയോടെ ബാഗ്ദാദിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ഔദ്യോഗിക സ്വീകരണം പാപ്പയ്ക്ക് നല്‍കും.തുടര്‍ന്നു മൂന്നേകാലോട് കൂടി പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെ സൗഹൃദകൂടിക്കാഴ്ച.

ഇതിന് പിന്നാലെ രാഷ്ട്രപ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച പ്രസിഡൻഷ്യൽ ഹാളിൽ നടക്കും. ഇതിന് ശേഷം ഫ്രാന്‍സിസ് പാപ്പ പ്രഥമ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചു മണിയോടെ (ഇന്ത്യന്‍ സമയം 07:30PM) ബാഗ്ദാദിലെ രക്ഷാകര നാഥയുടെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തിൽ എത്തുന്ന പാപ്പ മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ ഇന്നതെ ഇറാഖിലെ ആദ്യദിവസത്തെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്ക് വിരാമമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നജാഫ്, പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ഊർ, ഇര്‍ബിൽ, മൊസൂൾ, ക്വാരഘോഷ് എന്നീ അഞ്ചു പുരാതന നഗരങ്ങളും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. മാർച്ച് 8 തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം പാപ്പ റോമിലേക്ക് മടങ്ങും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 630