India - 2024

'സമ്പൂർണ മദ്യനിരോധനം ഉറപ്പു തരുന്നവർക്കു മാത്രം വോട്ട്'

പ്രവാചക ശബ്ദം 13-03-2021 - Saturday

കോട്ടയം: സമ്പൂർണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ഉറപ്പു തരുന്നവർക്കു മാത്രം വോട്ട് ചെയ്യണമെന്നു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി സംഘടിപ്പിച്ച ‘മയപ്പെടുത്തരുത് മദ്യനയം’ എന്ന മതമേലധ്യക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തിൽ സർക്കാരിന്റെ നിലപാട് ജനപക്ഷമല്ല. മദ്യനയത്തിൽ മാറ്റമില്ല എന്നു ധ്വനിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ ആശങ്കാജനകമാണെന്നും ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കാമെന്ന് പ്രകടനപത്രികയിൽ എഴുതി ചേർക്കുകയും അത് ഇച്ഛാശക്തിയോടെ നടപ്പിലാക്കുകയും ചെയ്യണമെന്ന് മുന്നണികളോട് ആവശ്യപ്പെടുന്ന തുറന്ന കത്ത് ക്നാനായ സുറിയാനിസഭ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് പ്രകാശനം ചെയ്തു. ബിഷപ് മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു.

ശാന്തിഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ബിഷപ് ഡോ. ഉമ്മൻ ജോർജ്, സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി ജനറൽ സെക്രട്ടറി റവ. അലക്സ് പി. ഉമ്മൻ, ഡോ. എം.സി. സിറിയക്, ഡോ. സാബു ഡി. മാത്യു, കോശി മാത്യു, റവ. ഡോ.ടി.ടി. സഖറിയ, റവ. തോമസ് പി. ജോർജ്, പ്രഫ.സി.മാമച്ചൻ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മദ്യനിരോധനം ആവശ്യപ്പെട്ട് കേരളമൊട്ടാകെ യാത്ര നടത്തിയ കേരള മദ്യനിരോധന സമിതി പ്രവർത്തകൻ ഫാ. വർഗീസ് മുഴുത്തേറ്റിനെ ആദരിച്ചു.


Related Articles »