News - 2025

കത്തോലിക്ക - ഓര്‍ത്തഡോക്സ് സഭകള്‍ക്ക് പൊതു ഈസ്റ്റര്‍ ദിനം വേണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു

പ്രവാചക ശബ്ദം 14-03-2021 - Sunday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ക്കും, ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കും ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ പൊതുദിനം വേണമെന്ന, ക്രിസ്ത്യന്‍ സഭകളുടെ ആഗോള സമിതിയിലെ (ഡബ്ല്യു.സി.സി) കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റ് പ്രതിനിധിയായ മെത്രാപ്പോലീത്ത ജോബ്‌ ഗെച്ചാ ടെല്‍മെസ്സോസിന്റെ നിര്‍ദ്ദേശത്തിനു പിന്തുണയേറുന്നു. വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ക്രിസ്റ്റ്യന്‍ യൂണിറ്റി പ്രസിഡന്റായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ചാണ് നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ‘നിസിയ’യിലെ ആദ്യ എക്യുമെനിക്കല്‍ സമിതിയുടെ 1700-മത് വാര്‍ഷികമാഘോഷിക്കുന്ന 2025 ഈ മാറ്റത്തിന് പറ്റിയ അവസരമാണെന്ന് നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് സ്വിസ്സ് വാര്‍ത്താ ഏജന്‍സിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു.

ഇരു സഭാവിഭാഗങ്ങള്‍ക്കുമായി പൊതു ഈസ്റ്റര്‍ദിനം സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കുക അത്ര എളുപ്പമല്ലെങ്കിലും, അതിനു വേണ്ടി ശ്രമിക്കുന്നത് നല്ലതായിരിക്കുമെന്ന്‍ സൂചിപ്പിച്ച അദ്ദേഹം ഫ്രാന്‍സിസ് പാപ്പയ്ക്കും, കോപ്റ്റിക് പാപ്പ തവദ്രോസിനും ഈ ആഗ്രഹമുണ്ടെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകള്‍ക്ക് ഒരു പൊതു ഈസ്റ്റര്‍ ദിനമുണ്ടാകുന്നത് എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമായിരിക്കുമെന്ന നിര്‍ദ്ദേശമാണ് മെത്രാപ്പോലീത്ത ജോബ്‌ ഗെച്ചാ ടെല്‍മെസ്സോസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ആദ്യ എക്യുമെനിക്കല്‍ സമിതി ചേര്‍ന്നതിന് ശേഷം 1700 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2025 പൊതു ഈസ്റ്റര്‍ ദിനം പ്രാബല്യത്തില്‍ വരുത്തുന്നതിന് പറ്റിയ അവസരമാണെന്നും അദ്ദേഹം പറയുന്നു.

പൊതു ഈസ്റ്റര്‍ ദിനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 1997-ല്‍ ഡബ്ല്യു.സി.സി സമ്മേളിച്ചെങ്കിലും നിലവില്‍ സമിതിയുടെ തീരുമാനം അനുസരിച്ചു മുന്നോട്ട് പോകുവാനാണ് അന്ന്‍ തീരുമാനമായതെന്ന്‍ മെത്രാപ്പോലീത്ത ജോബ്‌ ഗെച്ചാ ചൂണ്ടിക്കാട്ടി. 1582-ല്‍ നിലവില്‍ വന്ന ഗ്രിഗോറിയന്‍ കലണ്ടറിന് പകരം ജൂലിയന്‍ കലണ്ടര്‍ പ്രകാരമാണ് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടറിനെ അപേക്ഷിച്ച് ജൂലിയന്‍ കലണ്ടര്‍ 13 ദിവസങ്ങള്‍ താമസിച്ചാണ്. ഡിസംബര്‍ 25നു പൊതുവേ ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്. ഈസ്റ്റര്‍ തീയതിയിലും വ്യത്യാസങ്ങള്‍ ഏറെയാണ്.

More Archives >>

Page 1 of 633