News - 2025
ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനു അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ്
പ്രവാചക ശബ്ദം 11-03-2021 - Thursday
വാഷിംഗ്ടൺ ഡിസി: സമാധാനത്തിന്റേയും, സാഹോദര്യത്തിന്റേയും, അനുരഞ്ജനത്തിന്റേയും തീര്‍ത്ഥാടകനായി ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍ നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിനും, ഉന്നത ഷിയാ നേതാവുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചക്കും പ്രശംസയും അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന പുറത്ത്. ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമായിട്ടാണ് ബൈഡന്‍ തന്റെ പ്രസ്താവനയിലൂടെ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നത്.
പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ജനമസ്ഥലം ഉള്‍പ്പെടെയുള്ള പുരാതന പുണ്യസ്ഥലങ്ങളില്‍ പാപ്പ നടത്തിയ സന്ദര്‍ശനവും നജഫില്‍ വെച്ച് ഗ്രാന്‍ഡ് ആയത്തുള്ള അലി അല്‍-സിസ്താനിയുമായി നടത്തിയ കൂടിക്കാഴ്ചയും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമവും അസഹിഷ്ണുതയും സഹിച്ച നഗരമായ മൊസൂളില്‍ അര്‍പ്പിച്ച പ്രാര്‍ത്ഥനയും മുഴുവന്‍ ലോകത്തേയും സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പ്രതീകമാണെന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന പ്രസ്താവനയില്‍ പറയുന്നു.
മതപരവും വംശീയവുമായ വൈവിധ്യത്തില്‍ മുങ്ങിയ നാടാണ് ഇറാഖൈന്നും, ലോകത്തെ ഏറ്റവും പഴക്കമേറിയതും വൈവിധ്യമുള്ളതുമായ ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നാണ് ഇറാഖിലേതെന്നും പറഞ്ഞുകൊണ്ടാണ് ബൈഡന്റെ പ്രസ്താവന ആരംഭിക്കുന്നത്. ‘സാഹോദര്യം സഹോദരനെ കൊല്ലുന്നതിനേക്കാള്‍ ശാശ്വതവും, പ്രതീക്ഷ മരണത്തേക്കാള്‍ കൂടുതല്‍ ശക്തവും, സമാധാനം യുദ്ധത്തേക്കാള്‍ കൂടുതല്‍ ശക്തവുമാണ്’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം ചരിത്രപരവും ഇറാഖിനെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹവുമായിരുന്നെന്ന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഈ അനുസ്മരണീയമായ സന്ദര്‍ശനത്തേ വിജയകരമായി സംഘടിപ്പിക്കുവാന്‍ ഇറാഖി സര്‍ക്കാരും ജനങ്ങളും കാണിച്ച ശുഷ്കാന്തിയേയും, ആസൂത്രണ മികവിനേയും അഭിനന്ദിക്കുന്നതോടൊപ്പം, മതപരമായ സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ കാണിച്ച അര്‍പ്പണബോധത്തെ ആദരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. ‘നൂറ്റാണ്ടിലെ യാത്ര’ എന്ന് വിശേഷിപ്പിക്കാവുന്ന മാര്‍ച്ച് 5-ന് ആരംഭിച്ച പാപ്പയുടെ ഇറാഖ് സന്ദര്‍ശനം എട്ടിനാണ് സമാപിച്ചത്.