News - 2025

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച് പാപ്പ

പ്രവാചക ശബ്ദം 12-03-2021 - Friday

ബുഡാപെസ്റ്റ്: ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കാന്‍ പോകുന്ന 52-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നാലേ പാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹംഗേറിയന്‍ മെത്രാന്‍ സമിതി. മാർച്ച് 8, തിങ്കളാഴ്ച ഇറാഖിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മാര്‍പാപ്പ രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുവാനുള്ള ആഗ്രഹം പ്രകടമാക്കിയത്. 2021 സെപ്തംബർ 5 മുതൽ 12-വരെ തിയതികളിലാണ് ബുഡാപെസ്റ്റിൽ ദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളിക്കുക. ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിവ്യബലിയിൽ പങ്കെടുക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന വാർത്ത ഹംഗറിയിലെ മെത്രാന്മാർ അതീവ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.

പാപ്പായുടെ സന്ദർശനം ദിവ്യകാരുണ്യകോൺഗ്രസ്സിലേയ്ക്കു മാത്രമാണെങ്കിൽപ്പോലും അത് നാടിന് വലിയ പ്രോത്സാഹനവും ആത്മീയബലവുമായിരിക്കുമെന്ന് ബുഡാപ്പെസ്റ്റ് അതിരൂപതാദ്ധ്യക്ഷൻ, കർദ്ദിനാൾ പീറ്റർ ഏർദോയും, ദേശീയ മെത്രാൻ സമിതിയുടെ പ്രസിഡന്‍റ് ബിഷപ്പ് അന്ത്രാസ് വേരസും പ്രസ്താവനയില്‍ കുറിച്ചു. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. 2020-ൽ നടക്കേണ്ട ദിവ്യകാരുണ്യ സമ്മേളനം കോവിഡ് മഹാമാരിയെ തുടര്‍ന്നു മാറ്റിവെയ്ക്കുകയായിരിന്നു. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായി 2019-ല്‍ തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 633