News

24 ആഴ്ചവരേയുള്ള ഭ്രൂണഹത്യ ബില്‍ രാജ്യസഭ പാസ്സാക്കി: ഗർഭസ്ഥ ശിശുക്കളുടെ കുരുതിക്കളമാകാൻ ഭാരതം?

പ്രവാചക ശബ്ദം 18-03-2021 - Thursday

ന്യൂഡല്‍ഹി: പ്രത്യേക സാഹചര്യങ്ങളില്‍ നിയമപരമായി ഗർഭഛിദ്രം നടത്തുന്നതിനുള്ള സമയം 20 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി നീട്ടിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അവതരിപ്പിച്ച ഭേദഗതി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യസഭ പാസ്സാക്കിയത്. 1971-ലെ എം.ടി.പി നിയമപ്രകാരം 20 ആഴ്ചവരെയുള്ള ഗർഭഛിദ്രത്തിന് മാത്രമേ നിയമപരമായ അനുവാദമുണ്ടായിരുന്നുള്ളു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിര്‍ദ്ദേശത്തെ തള്ളിയാണ് രാജ്യസഭ ബില്‍ പാസ്സാക്കിയിരിക്കുന്നത്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് ഭേദഗതിയെന്നു പറയുന്നുണ്ടെങ്കിലും, പ്രത്യേക വിഭാഗങ്ങളേതെന്ന് പറയാതെ അത് സംസ്ഥാനങ്ങളുടെ നിര്‍വചനത്തിനായി വിട്ടിരിക്കുകയാണ്.

ഗൈനക്കോളജിസ്റ്റ് അസോസിയേഷന്‍, ബന്ധപ്പെട്ട സന്നദ്ധ സംഘടനകള്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുമായുള്ള വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ബില്‍ രൂപംകൊണ്ടതെന്നാണ് ഹര്‍ഷ് വര്‍ദ്ധന്‍ രാജ്യസഭയില്‍ പറഞ്ഞത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘവുമായും, എത്തിക്സ് കമ്മിറ്റിയുമായും ചര്‍ച്ച നടത്തിയെന്നും, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം ലോകസഭ ഈ ബില്ലിന് പൂര്‍ണ്ണ അംഗീകാരം നല്‍കിയതെന്നും ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. വൈകല്യമുള്ള ഭ്രൂണങ്ങളുടെ കാര്യത്തില്‍ 24 ആഴ്ചകള്‍ക്ക് ശേഷം അബോര്‍ഷന്‍ അനുവദിക്കണമോ എന്ന് നിശ്ചയിക്കുവാന്‍ സംസ്ഥാന തല മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുവാനുള്ള നിര്‍ദ്ദേശവും ബില്ലിലുണ്ട്.

നിലവിലെ നിയമമനുസരിച്ച് ഗര്‍ഭധാരണത്തിനു ശേഷം 12 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യക്ക് ഒരു ഡോക്ടറിന്റേയും നിർദ്ദേശവും, 12 മുതല്‍ 20 ആഴ്ചകള്‍ വരേയുള്ള ഭ്രൂണഹത്യക്ക് 2 ഡോക്ടര്‍മാരുടേയും നിർദ്ദേശവും ആവശ്യമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയനുസരിച്ച് 20 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ ഒരു ഡോക്ടറിന്റെ നിർദ്ദേശപ്രകാരവും, 20 മുതല്‍ 24 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യകള്‍ (പ്രത്യേക സാഹചര്യങ്ങളില്‍) രണ്ടു ഡോക്ടര്‍മാരുടെ നിർദ്ദേശപ്രകാരവും നടത്താവുന്നതാണ്. അതേസമയം ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഈ ഭേദഗതി സ്ത്രീകളുടെ അന്തസ്സിനേയും, അവകാശങ്ങളേയും സംരക്ഷിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നതെങ്കിലും ഭാരതം ഗർഭഛിദ്രത്തിലൂടെ കുഞ്ഞുങ്ങളുടെ കുരുതികളമായി മാറുമെന്നാണ് പ്രോലൈഫ് പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നത്. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ഭരണകൂടത്തിലെ ഉന്നതർക്കുമായി പ്രവാചകശബ്ദം നേരത്തെ ആരംഭിച്ച ഓൺലൈൻ പെറ്റിഷനിൽ പതിമൂവായിരത്തിൽ അധികം പേർ ഒപ്പിട്ടിരുന്നു. ദേശീയ മെത്രാൻ സമിതിയും രാജ്യത്തെ പ്രോലൈഫ് പ്രവര്‍ത്തകരും ഉയർത്തിയ ശക്തമായ എതിർപ്പിനെ വകവെയ്ക്കാതെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 634