News - 2025
യുദ്ധത്തിന് പത്തു വര്‍ഷം: സിറിയയില്‍ വീണ്ടും സമാധാന ആഹ്വാനവുമായി പാപ്പ
പ്രവാചക ശബ്ദം 15-03-2021 - Monday
വത്തിക്കാന്‍ സിറ്റി: ആഭ്യന്തരയുദ്ധത്തിന്റെ പത്താം വാര്‍ഷികത്തിലെത്തിയ സിറിയയില്‍ സമാധാനത്തിനായി വീണ്ടും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടായിരിക്കുന്നു. കണക്കില്ലാത്ത വിധം ആളുകള്‍ മരിച്ചു. ദശലക്ഷങ്ങള്‍ പലായനം ചെയ്തു. ആയിരങ്ങളെ കാണാതായി. എല്ലാവിധ അക്രമത്തിനും നാശത്തിനും സിറിയന്‍ ജനത ഇരയായി. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംഘര്‍ഷം അവസാനിപ്പിച്ച് ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നു മാര്‍പാപ്പ പറഞ്ഞു. അറബ് വസന്തത്തിന്റെ ഭാഗമായി സിറിയന്‍ ജനത 2011 മാര്‍ച്ച് 15ന് ബഷാര്‍ അല്‍ അസാദ് ഭരണകൂടത്തിനെതിരേ ആരംഭിച്ച പ്രതിഷേധം പിന്നീട് ആഭ്യന്തരയുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. അമേരിക്കയും റഷ്യയും അടക്കമുള്ള പാശ്ചാത്യശക്തികളും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമെല്ലാം സംഘര്‍ഷത്തിന്റെ ഭാഗമായി.
സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതിയിരിന്നു. സാമ്പത്തിക ഉപരോധത്തിലൂടെ സിറിയൻ ജനതയെ മുഴുവൻ ശിക്ഷിക്കാതെ ന്യായമായ ദേശീയ താല്പര്യം സംരക്ഷിക്കാൻ അമേരിക്കയ്ക്ക് മറ്റ് മാർഗ്ഗങ്ങൾ തേടാൻ സാധിക്കണമെന്ന പ്രതീക്ഷ മുന്നോട്ടുവെച്ചുക്കൊണ്ട് എഴുതിയ കത്തില്‍ സിറിയൻ കത്തോലിക്കാ സഭ, സിറിയൻ ഓർത്തഡോക്സ് സഭ, മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ തുടങ്ങിയ സഭകളുടെ തലവന്മാരും, ഹംഗേറിയൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ അടക്കമുള്ളവരും പ്രൊട്ടസ്റ്റന്‍റ് നേതാക്കന്മാരും ഒപ്പുവച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക