News - 2025
സ്വാതന്ത്ര്യത്തിനായി പോരാടിയ കത്തോലിക്ക സന്യാസിനിയുടെ വിയോഗത്തില്‍ അനുശോചനവുമായി സിംബാബ്‌വേ പ്രസിഡന്റ്
പ്രവാചക ശബ്ദം 16-03-2021 - Tuesday
ഹരാരെ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള കത്തോലിക്ക സന്യാസിനിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് സിംബാബ്‌വേ പ്രസിഡന്റ് എമ്മേഴ്സണ്‍ നാന്‍ഗാഗ്വാ . ‘മേരിനോള്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഡൊമിനിക്ക്’ സഭാംഗമായ സിസ്റ്റര്‍ ജാനിസിന്റെ വിയോഗത്തിലാണ് പ്രസിഡന്റ് ദുഃഖമറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 7ന് അമേരിക്കയിലെ മേരിക്നോളില്‍വെച്ചാണ് സിസ്റ്റര്‍ അന്തരിച്ചത്. സിസ്റ്ററിന്റെ മരണം തന്നെ ഞെട്ടിപ്പിച്ചുവെന്നും ‘വിശ്വാസം മനുഷ്യാവകാശങ്ങളുടെ അന്വേഷണമാക്കി മാറ്റിയ അടിയുറച്ച കത്തോലിക്ക വിശ്വാസിയാണ് സിസ്റ്ററെന്നും പ്രസിഡന്റ് എമ്മേഴ്സണ്‍ പറഞ്ഞു.
വംശീയ കൊളോണിയല്‍ അധിനിവേശത്തേയും, അനീതിയേയും എതിര്‍ത്തതിനും, സിംബാബ്‌വേയുടെ സ്വതന്ത്യ സമരത്തെ പിന്തുണച്ചതിനും സിസ്റ്റര്‍ ജാനിസിനെ റൊഡേഷ്യയില്‍ നിന്നും നാടുകടത്തപ്പെട്ടതിനെക്കുറിച്ചും പ്രസിഡന്റിന്റെ അനുശോചന പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. കൊളോണിയല്‍ അധിനിവേശത്തിനു ശേഷമുള്ള സിംബാബ്‌വേയുടെ വിദ്യാഭ്യാസ മേഖലയേയും പാഠ്യപദ്ധതിയേയും പുനര്‍സൃഷ്ടിക്കുവാന്‍ സിസ്റ്റര്‍ ജാനിസ് തന്റെ തന്റെ അനുഭവസമ്പത്ത് ചിലവഴിച്ചിട്ടുണ്ടെന്നും നാന്‍ഗാഗ്വാ സ്മരിച്ചു. മൊസാംബിക്കിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ വിദ്യാഭ്യാസ സേവനങ്ങള്‍ക്കൊപ്പം പബ്ലിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ സേവനം ചെയ്യവേ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സിംബാബ്‌വേയുടെ പോരാട്ടത്തെ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരുവാനും സിസ്റ്റര്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് പറഞ്ഞു.
‘ദി കാത്തലിക് ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്‍’ സെക്രട്ടറിയായി 1969-ലാണ് സിസ്റ്റര്‍ ജാനിസ് ആഫ്രിക്കയില്‍ തന്റെ പ്രേഷിത പ്രവര്‍ത്തനം തുടങ്ങുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സിംബാബ്‌വേയിലെത്തി മൂന്നു മാസങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അറസ്റ്റിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തു. പിന്നീട് മൊസാംബിക്കിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലായിരുന്നു സിസ്റ്ററിന്റെ സേവനം. 1980-ല്‍ സിംബാബ്‌വേ സ്വാതന്ത്ര്യം നേടിയതിനു ശേഷമാണ് സിസ്റ്റര്‍ ജാനിസ് വീണ്ടും സിംബാബ്‌വേയില്‍ എത്തുന്നത്. പുതിയ സര്‍ക്കാരിന്റെ ക്ഷണമനുസരിച്ച് പ്രസിഡന്റ് കാര്യാലയത്തിലെ വിദ്യാഭ്യാസ ഉപദേഷ്ടാവായും സിസ്റ്റര്‍ ജാനിസ് സേവനം ചെയ്തിട്ടുണ്ട്. 1991-ലാണ് സിസ്റ്റര്‍ ജാനിസ് സിംബാബ്‌വേയിലെ തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അമേരിക്കയില്‍ തിരിച്ചെത്തിയെങ്കിലും പിന്നീടും സിംബാബ്‌വേയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക