News - 2025

റോമിലെ ലാറ്ററൻ ബസിലിക്കയോടു ചേർന്നുള്ള പുരാതന കൊട്ടാരം പുനരുദ്ധരിക്കുവാൻ പാപ്പയുടെ നിര്‍ദേശം

പ്രവാചക ശബ്ദം 19-03-2021 - Friday

വത്തിക്കാന്‍ സിറ്റി: റോമിലെ ലാറ്ററൻ ബസിലിക്കയോടു ചേർന്നു കിടക്കുന്ന പുരാതന മന്ദിരവും അതിലെ വാസ്തു കലാശേഖരങ്ങളും ഉൾക്കൊള്ളുന്ന ഭാഗവും പുനരുദ്ധരിക്കുവാൻ മാര്‍പാപ്പയുടെ നിര്‍ദേശം. നിലവില്‍ ലാറ്ററൻ ബസിലിക്കയുടെ ഉത്തരവാദിത്വം വഹിക്കുന്ന റോമാ രൂപതയുടെ വികാരി ജനറാൾ, കർദ്ദിനാൾ ആഞ്ചലോ ദി ഡൊണാറ്റിസിനോടാണ് പാപ്പ ഇക്കാര്യം അറിയിച്ച് കത്ത് നല്കിയിരിക്കുന്നതെന്ന്‍ വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിപ്രഗത്ഭരായ കലാകാരന്മാരുടെ കരവിരുതായ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ദേവാലയങ്ങളോടും സ്ഥാപനങ്ങളോടുമുള്ള താത്പര്യം കൊണ്ട് മാത്രമല്ല വിശ്വാസ പാരമ്പര്യങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും ആധാരമാകുന്ന കേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് നിര്‍ദേശമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കലാമൂല്യങ്ങളുള്ള ദേവാലയങ്ങളും സ്ഥലങ്ങളും സംരക്ഷിക്കപ്പെട്ടെങ്കിൽ മാത്രമേ വരുംതലമുറയ്ക്കും സന്ദർശകർക്കും കലാസ്വാദകർക്കും മറ്റുള്ളവര്‍ക്കും അവ സമഗ്രതയോടെ കൈമാറാൻ സാധിക്കുകയുള്ളൂവെന്നും പാപ്പ കത്തിൽ വ്യക്തമാക്കി. ആഗോളസഭയുടെ അദ്ധ്യക്ഷൻ എന്നതിനു പുറമേ, റോമാരൂപതയുടെ മെത്രാൻ എന്ന നിലയിലും തന്‍റെ സംരക്ഷണയിലുള്ള ഈ സ്ഥാപനത്തിന്‍റെ സാംസ്കാരിക കലാ പൈതൃകവും മൂല്യങ്ങളും സംരക്ഷിക്കുവാനും ഉപയോഗപ്രദമായി നിലനിർത്തുവാനും ആവശ്യമായ എല്ലാ പുനരുത്ഥാരണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കണമെന്നു കർദ്ദിനാൾ ഡൊണാറ്റിസിനോടു നിർദ്ദേശിച്ചുകൊണ്ടാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്..

വലിയ ബസിലിക്കകള്‍ അഥവാ പേപ്പല്‍ ബസിലിക്കകള്‍ എന്നറിയപ്പെടുന്ന നാലു ബസിലിക്കകളിലൊന്നും പ്രഥമ മേജര്‍ ബസിലിക്കയുമാണ് വിശുദ്ധ ജോണ്‍ ലാറ്റന്‍ ബസിലിക്ക. റോമാനഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്നും ഈ ബസിലിക്ക അറിയപ്പെടുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക (സെന്‍റ് പീറ്റേഴ്സ് ബസിലിക്ക), റോമിന്‍റെ മതിലുകള്‍ക്കു പുറത്തുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്ക (സെന്‍റ് പോള്‍ ഔട്ട്സൈഡ് ദ വാള്‍സ്) പരിശുദ്ധ മറിയത്തിന്‍റെ ബസിലിക്ക (സെന്‍റ് മേരീസ് മേജര്‍ ബസിലിക്ക) എന്നിവയാണ് ഇതര മേജര്‍ ബസിലിക്കകള്‍.


Related Articles »