News - 2025
ചിതറിത്തെറിച്ച രക്തം ശത്രുവിന്റേതല്ല, സഹോദരന്റേത്: അക്രമം അവസാനിപ്പിക്കുവാന്‍ അപേക്ഷയുമായി മ്യാന്‍മര്‍ മെത്രാന്‍ സമിതി
പ്രവാചക ശബ്ദം 20-03-2021 - Saturday
യംഗൂണ്‍: മ്യാന്‍മറിലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളും അവയെ അടിച്ചമര്‍ത്തുവാനുള്ള സൈനീക നടപടികളും കൂടുതല്‍ രക്തരൂക്ഷിതമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കൊലപാതകങ്ങള്‍ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം രാജ്യത്തെ കത്തോലിക്ക സഭ ആവര്‍ത്തിച്ചു. മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന രക്തചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെത്രാന്‍ സമിതിയുടെ (സി.ബി.സി.എം) പ്രസിഡന്റ് കര്‍ദ്ദിനാള്‍ ചാള്‍സ് മോങ്ങ് ബോ മ്യാന്‍മര്‍ ജനതക്ക് തുറന്ന കത്തെഴുതി.
ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം രാഷ്ട്രം ഏറ്റവും കൂടുതല്‍ രക്തചൊരിച്ചിലിന് സാക്ഷ്യം വഹിച്ച മാര്‍ച്ച് 14 ഞായറാഴ്ചയാണ് കര്‍ദ്ദിനാളിന്റെ കത്ത് പുറത്തുവിട്ടിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ അന്നു പട്ടാളം വെടിവെച്ചതിനെ തുടര്‍ന്ന്‍ 50 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമാധാനത്തിനുള്ള ആഹ്വാനവുമായി കത്തോലിക്കാ സഭ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സമാധാനം കണ്ടെത്തുവാന്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികളോടുമായി അപേക്ഷിക്കുന്നുവെന്ന് കത്തിന്റെ ആമുഖത്തില്‍ പറയുന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ കഴിഞ്ഞ ആഴ്ചകളില്‍ നിരവധി വെല്ലുവിളികളിലൂടെയാണ് നമ്മള്‍ കടന്നുപോയത്.
ഈ പ്രതിസന്ധി രക്തച്ചൊരിച്ചിലിലൂടെ പരിഹരിക്കാവുന്നതല്ല. സമാധാനം കണ്ടെത്തു. ചിതറിത്തെറിച്ച രക്തം ശത്രുവിന്റേതല്ല. നമ്മുടെ സ്വന്തം സഹോദരീ-സഹോദരന്‍മാരുടേയും, പൗരന്‍മാരുടേയും രക്തമാണത്. ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്. നമ്മുടെ യുവജനങ്ങള്‍ പ്രതീക്ഷയില്‍ കഴിയുകയാണ്. നിരാശയില്‍ മുങ്ങിയ ഒരു രാഷ്ട്രമാകാതിരിക്കുവാന്‍ നമുക്ക് ശ്രമിക്കാം. നിഷ്കളങ്കരെ വെറുതേ വിടൂ. അവര്‍ നമ്മുടെ സ്വന്തം ജനങ്ങളാണ്. കര്‍ദ്ദിനാളിന്റെ കത്തില്‍ പറയുന്നു.
വത്തിക്കാന്റെ നിര്‍ദ്ദേശങ്ങളും, പ്രോത്സാഹനവും കൊണ്ട് ശക്തിപ്പെട്ട കത്തോലിക്കാ സഭ സുമനസ്കരായ ജനങ്ങള്‍ക്കൊപ്പം സമാധാനത്തിലും പരസ്പരധാരണയിലും രാഷ്ട്രം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ പ്രതിജ്ഞാബദ്ധരായി കാത്തിരിക്കുകയുമാണെന്നും പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാളിന്റെ കത്തവസനിക്കുന്നത്. അതേസമയം കുറഞ്ഞത് 126 പേരാണ് പട്ടാള അട്ടിമറിക്ക് ശേഷം കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് ബര്‍മയുടെ ‘അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ്’ന്റെ കണക്കുകളില്‍ പറയുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക