India - 2025
സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍
പ്രവാചക ശബ്ദം 21-03-2021 - Sunday
കൊച്ചി: മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചുകൊണ്ടു വരുന്ന നയമായിരിക്കും തങ്ങളുടേതെന്ന് അവകാശപ്പെട്ട് അധികാരത്തില്‍വന്ന ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റിയെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധസമിതി 22ാമത് സംസ്ഥാന സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവര്‍ജനവും മദ്യനിരോധനവും ഒന്നിച്ചുപോകുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കേണ്ടതെന്നും ബിഷപ് പറഞ്ഞു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു. മദ്യനിരോധനം നയമായി സ്വീകരിക്കുന്ന മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുള്ള പ്രമേയം സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി അവതരിപ്പിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെസിബിസി ബിഷപ് മാക്കീല്‍ അവാര്‍ഡ് തലശേരി അതിരൂപതയ്ക്കു സമ്മാനിച്ചു.