Life In Christ

“കന്യാസ്ത്രീകള്‍ നാം മാതൃകയാക്കേണ്ടവര്‍, ഭാരതം അവരില്‍ നിന്നും പഠിക്കണം”: സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

പ്രവാചക ശബ്ദം 25-03-2021 - Thursday

ന്യൂഡല്‍ഹി: കന്യാസ്ത്രീകള്‍ നാം മാതൃകയാക്കേണ്ടവരാണെന്നും ഭാരതം അവരില്‍ നിന്നും പഠിക്കണമെന്നും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശില്‍വെച്ച് കത്തോലിക്കാ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ മാഗസിനായ ‘ദി വീക്ക്’-ന്റെ ഓണ്‍ലൈന്‍ എഡിഷനിലെ ഒപ്പിനിയന്‍ കോളത്തില്‍ എഴുതിയ ലേഖനത്തിലാണ് സുപ്രീം കോടതി ജസ്റ്റിസ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. ക്രൈസ്തവ സന്യാസിനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. മറ്റുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന സന്തോഷവും ആനന്ദവും ഉപേക്ഷിച്ച് പ്രതിഫലേച്ഛ കൂടാതെ തങ്ങളുടെ ജീവിതകാലം മുഴുവനും സമൂഹത്തിനു വേണ്ടി സേവനമനുഷ്ടിച്ചുകൊണ്ട് ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരാണ് കന്യാസ്ത്രീകളെന്നും ബജ്രംഗ്ദള്‍ ഗുണ്ടകളുടേയും ഉത്തര്‍പ്രദേശ്‌ പോലീസിന്റേയും ഹീനമായ ഈ പ്രവര്‍ത്തി രാജ്യത്തിന് തന്നെ അപമാനകരമാണെന്നും കട്ജു കുറിച്ചു.

വിദ്യാഭ്യാസ ആരോഗ്യപരിപാലന മേഖലകളിലൂടെ സമൂഹത്തിന് മികച്ച സേവനങ്ങള്‍ നല്‍കുന്നവരാണ് കന്യാസ്ത്രീകളെന്നും, ഇന്ത്യയിലെ ഏറ്റവും മികച്ച ഗേള്‍സ്‌ സ്കൂളുകള്‍ നടത്തുന്നത് ക്രൈസ്തവ സന്യാസിനികളാണെന്നും, എല്ലാവരും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത് കന്യാസ്ത്രീമാര്‍ നടത്തുന്ന സ്കൂളുകളിലാണെന്നും, അവര്‍ നടത്തുന്ന ആതുരാലയങ്ങള്‍ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇല്ലാത്ത മതപരിവര്‍ത്തനത്തിന്റെ പേരില്‍ കന്യാസ്ത്രീമാര്‍ക്കെതിരെ ചിലര്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ കേള്‍ക്കാന്‍ പാടില്ലാത്തതാണ്.

കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്ന് പറഞ്ഞ കട്ജു കോണ്‍വെന്റ് സ്കൂളുകളില്‍ തങ്ങളുടെ മക്കള്‍ക്കും സ്വന്തക്കാര്‍ക്കും പ്രവേശനം തരപ്പെടുത്തുന്നതിനായി മുനിസിപ്പല്‍ അധികാരികള്‍ മുതല്‍, ഇന്‍കം ടാക്സ്, പോലീസ് ഓഫീസര്‍മാര്‍ വരെ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന സമ്മര്‍ദ്ധങ്ങളേക്കുറിച്ചും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവ സന്യാസിനികള്‍ നടത്തുന്ന സ്കൂളുകളില്‍ ഓരോ സീറ്റിനും പ്രവേശനത്തിന് 10 അല്ലെങ്കിൽ 20 അപേക്ഷകൾ ഉണ്ടായിരിക്കും. അതിനാൽ പ്രവേശനത്തിനായി മത്സര പരീക്ഷ നടത്തും. ഒരു ഉദ്യോഗസ്ഥന്റെ മക്കളില്‍ ആരെങ്കിലും ഇതില്‍ പരാജയപ്പെട്ടാൽ, അയാൾ സ്കൂളിലെ കന്യാസ്ത്രീകള്‍ക്ക് നേരെ തിരിയുമെന്ന് അദ്ദേഹം കുറിച്ചു. ഇതിനുള്ള ഉദാഹരണവും അദ്ദേഹം ലേഖനത്തില്‍ വിവരിക്കുന്നുണ്ട്.

ഒരിക്കൽ മുനിസിപ്പൽ അധികൃതർ പ്രിൻസിപ്പൽ സിസ്റ്റർ എവ്‌ലീന് ഒരു നോട്ടീസ് അയച്ചതായി ഞാൻ ഓർക്കുന്നു. സ്കൂൾ നിലം അനധികൃതമായി കൈവശപ്പെടുത്തിയെന്നു അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആരോപണം തീർത്തും തെറ്റായിരിന്നു. മറ്റൊരു അവസരത്തിൽ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ സ്കൂള്‍ നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് ടാക്സ് നോട്ടീസ് അയച്ചു. അയാളുടെ മകള്‍ക്ക് സീറ്റ് നിഷേധിച്ചതിലുള്ള പ്രതികരണമായിരിന്നു അത്. കന്യാസ്ത്രീകൾ സുരക്ഷിതരല്ലാത്തതിനാൽ അവർക്ക് പോലീസ് അധികാരികള്‍ അടക്കമുള്ളവരുടെ സമ്മർദ്ധങ്ങൾക്ക് വഴങ്ങേണ്ടിവരുന്നുണ്ടെന്നും കട്ജു കുറിച്ചു.

കന്യാസ്ത്രീകള്‍ മാതൃകയാക്കപ്പെടേണ്ടവരാണെന്നും അവരെ അപമാനിക്കുന്നതിനു പകരം ബഹുമാനിക്കുകയും, അവരില്‍ നിന്നും പഠിക്കുകയുമാണ്‌ വേണ്ടതെന്നു പറഞ്ഞുകൊണ്ടാണ് കട്ജുവിന്റെ ലേഖനം അവസാനിക്കുന്നത്. 2016-ല്‍ മദര്‍ തെരേസയെ അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയ വ്യക്തി കൂടിയാണ് കട്ജു. എന്നാല്‍ സമര്‍പ്പിത ജീവിതത്തെ ആദരവോടെ സമീപിച്ചുക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 58