Life In Christ - 2024

കോവിഡ് ബാധിതർക്കിടയിലെ സ്തുത്യര്‍ഹ സേവനം: കത്തോലിക്ക സന്യാസിനിക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉന്നത പുരസ്കാരം

പ്രവാചക ശബ്ദം 10-03-2021 - Wednesday

വാഷിംഗ്ടൺ ഡി.സി: ഈജിപ്തിലേയും, വെസ്റ്റ്‌ ബാങ്കിലേയും പാവപ്പെട്ട രോഗികള്‍ക്കിടയിലും, കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ ഇറ്റലിയിലെ ബെര്‍ഗാമോയിലും ചെയ്ത സേവനങ്ങളെ മാനിച്ച് കോംബോനി മിഷ്ണറി സഭാംഗമായ കത്തോലിക്ക കന്യാസ്ത്രീക്ക് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ധീരതക്കുള്ള “അന്താരാഷ്ട്ര വുമണ്‍ ഓഫ് കറേജ്” പുരസ്കാരം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8ന് വത്തിക്കാനിലെ യു.എസ് എംബസി വിര്‍ച്വലായി സംഘടിപ്പിച്ച വുമണ്‍ ഓഫ് കറേജ് വാച്ച് പാര്‍ട്ടിയില്‍വെച്ച് സിസ്റ്റര്‍ അലീഷ്യ വാക്കസ് മോറോ ഉള്‍പ്പെടെ 14 വനിതകള്‍ യുഎസ് വിദേശകാര്യ സെക്രട്ടറി അന്തോണി ബ്ലിങ്കെനില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഈ പുരസ്കാരം തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ബഹുമതിയാണെന്നു അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് നേഴ്സ് കൂടിയായ സിസ്റ്റര്‍ അലീഷ്യ പ്രതികരിച്ചു. മധ്യപൂര്‍വ്വേഷ്യയില്‍ യുദ്ധക്കെടുതികള്‍ അനുഭവിച്ചുകൊണ്ടിരുന്ന പാവപ്പെട്ടവര്‍ക്കിടയില്‍ 20 വര്‍ഷത്തോളം സിസ്റ്റര്‍ അലീഷ്യ ചിലവഴിച്ചുവെന്നു യു.എസ് എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് പാട്രിക്ക് കൊണേല്‍ പുരസ്കാര ദാന ചടങ്ങിനു ആമുഖമായി പറഞ്ഞു.

ഏട്ടു വര്‍ഷത്തോളം ഈജിപ്തിലെ പാവപ്പെട്ട രോഗികള്‍ക്കായി മെഡിക്കല്‍ ക്ലിനിക്ക് നടത്തിയ സിസ്റ്റര്‍ അലീഷ്യ ഓരോ ദിവസവും ഏതാണ്ട് നൂറ്റിഅൻപതോളം രോഗികള്‍ക്കാണ് വൈദ്യസഹായം നല്‍കിയിരുന്നത്. പിന്നീട് വെസ്റ്റ്‌ ബാങ്കിലേക്ക് മാറ്റം കിട്ടിയപ്പോള്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്ഥാപിക്കുകയും, ദരിദ്രാവസ്ഥയില്‍ കഴിയുന്ന ബെദൂയിന്‍ ക്യാമ്പുകളിലെ സ്ത്രീകള്‍ക്കിടയില്‍ പരിശീലന പദ്ധതികള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2020-ല്‍ കൊറോണ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് മധ്യപൂര്‍വ്വേഷ്യയില്‍ മനുഷ്യക്കടത്തിനു ഇരയായവര്‍ക്കും, അഭയാര്‍ത്ഥികള്‍ക്കുമിടയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നാൽപ്പതോളം കോംബോണി കന്യാസ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു കൊണ്ടിരിക്കേയാണ് വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോയിലെ കോണ്‍വെന്റില്‍ കൊറോണ ബാധിതരായ തന്റെ തന്റെ സഹസന്യാസിനികളെ ശുശ്രൂഷിക്കുന്നതിനായി 41 കാരിയായ സിസ്റ്റര്‍ അലീഷ്യ പറന്നെത്തിയത്.

കഴിഞ്ഞ വർഷം അമേരിക്ക-ബ്രിട്ടീഷ് എംബസികള്‍ സംയുക്തമായി സംഘടിപ്പിച്ച ഒരു വിര്‍ച്വല്‍ സിമ്പോസിയത്തില്‍വെച്ച് സിസ്റ്റര്‍ അലീഷ്യ കൊറോണക്കാലത്ത് താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് വിവരിച്ചിരിന്നു. ബെര്‍ഗാമോയിലെ 55 സിസ്റ്റര്‍മാരില്‍ 45 പേര്‍ക്കാണ് രോഗബാധയുണ്ടായത്. താനുള്‍പ്പെട്ട സന്യാസിനീ സമൂഹത്തിലെ പത്തോളം കന്യാസ്ത്രീമാര്‍ കൊറോണബാധിച്ച് മരിച്ചുവെന്നും അവര്‍ പറഞ്ഞു. സമാധാനം നീതി, മനുഷ്യാവകാശം, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ അസാമാന്യ ധൈര്യവും നേതൃപാടവവും പ്രകടിപ്പിക്കുന്ന വനിതകള്‍ക്ക് നല്‍കുന്ന ഉന്നത ബഹുമതിയാണ് “അന്താരാഷ്ട്ര വുമണ്‍ ഓഫ് കറേജ്” പുരസ്കാരം. അയര്‍ലണ്ട് സ്വദേശിനിയും ലോറെറ്റോ സഭാംഗവുമായ സിസ്റ്റര്‍ ഒലാ ട്രീസിയും, ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ എലേന ബെരിനിയും, സലേഷ്യന്‍ സഭാംഗമായ സിസ്റ്റര്‍ കരോളിന്‍ ടാഹാന്‍ ഫാച്ചാഖും ഇതിനുമുന്‍പ് ഈ അവാര്‍ഡിനര്‍ഹരായ കന്യാസ്ത്രീകളാണ്.

More Archives >>

Page 1 of 57