News - 2025

ഇസ്രായേല്‍ മക്കള്‍ക്ക് 62 ലക്ഷം ഡോളറിന്റെ സംഭാവനയുമായി അമേരിക്കന്‍ ക്രൈസ്തവര്‍

പ്രവാചക ശബ്ദം 26-03-2021 - Friday

കാലിഫോര്‍ണിയ: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പാസ്സോവര്‍ തിരുനാള്‍ ( അടിമത്തത്തിൽ നിന്നു പുരാതന ഇസ്രയേൽ ജനത മോചിതരായ പുറപ്പാടു സംഭവത്തെ യഹൂദർ അനുസ്മരിക്കുന്ന പെസഹ) ആഘോഷിക്കുന്ന ഇസ്രായേല്‍ മക്കള്‍ക്ക് അമേരിക്കന്‍ ക്രൈസ്തവര്‍ 62 ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കും. ക്രൈസ്തവരും ഇസ്രായേലും തമ്മിലുള്ള സഹകരണവും, സ്നേഹവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ ആന്‍ഡ് ജ്യൂസ്’ (ഐ.എഫ്.സി.ജെ) എന്ന സംഘടനയുടെ സി.ഇ.ഒ ആയ യേല്‍ എക്ക്സ്റ്റെയിന്‍ 'ജെറുസലേം പോസ്റ്റ്‌’ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷണത്തിനും, വസ്ത്രത്തിനും പുറമേ, രണ്ടുലക്ഷത്തിമുപ്പതിനായിരത്തോളം ആളുകള്‍ക്ക് പെസഹ അപ്പവും നല്‍കുക എന്നതാണ് സംഭാവനയുടെ പ്രധാന ലക്ഷ്യം. പാവപ്പെട്ട കുടുംബങ്ങളും, കുട്ടികളും, പ്രായമായവരും, പട്ടാളക്കാരുമാണ് ഈ സഹായത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍.

“നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും” (ഉല്‍പ്പത്തി 12:3) എന്ന ബൈബിള്‍ വാക്യം പരാമര്‍ശിച്ച അദ്ദേഹം ഇസ്രായേലിനെ അമേരിക്കന്‍ ക്രിസ്ത്യാനികള്‍ പിന്തുണക്കുന്നതിന്റെ കാരണം ഉല്‍പ്പത്തി പുസ്തകത്തിലുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അമേരിക്കയിലെ ഇസ്രായേല്‍ അനുകൂലികളായ ക്രൈസ്തവര്‍ ഇസ്രായേലിനുള്ള തങ്ങളുടെ സാമ്പത്തിക സഹായം ഇരട്ടിയാക്കിയിരുന്നു. പതിവ് ബജറ്റിന് പുറമേ 2 കോടി ഡോളര്‍ കൂടുതലായി അനുവദിച്ചുവെന്നാണ് എക്ക്സ്റ്റെയിന്‍ പറഞ്ഞത്. കൊറോണ പ്രതിസന്ധി ഉടലെടുത്തതോടെ സഹായങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യങ്ങളില്‍ വര്‍ദ്ധനവുണ്ടായെന്നും, മുന്‍പൊരിക്കലും സഹായം ആവശ്യപ്പെടാത്തവര്‍ പോലും ഇപ്പോള്‍ സഹായമാവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇസ്രായേലിനോടുള്ള ക്രൈസ്തവരുടെ സ്നേഹവും, പിന്തുണയുമാണ്‌ സംഘടനാംഗങ്ങളായ യഹൂദരെയും ക്രിസ്ത്യാനികളേയും ഒന്നിപ്പിക്കുന്നത്. ഇസ്രായേലിന് നേര്‍ക്ക് മുന്‍ പ്രസിഡന്റ് ട്രംപ് പുലര്‍ത്തിയിരുന്ന നയത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ബൈഡന്‍ മാറ്റമൊന്നും വരുത്തില്ല എന്നാ പ്രതീക്ഷയും യേല്‍ എക്ക്സ്റ്റെയിന്‍ പങ്കുവെച്ചു. ക്രൈസ്തവരും യഹൂദരും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെ യേല്‍ എക്ക്സ്റ്റെയിന്റെ പിതാവായ റബ്ബി എക്ക്സ്റ്റെയിനാണ് 1983-ല്‍ ഐ.എഫ്.സി.ജെ എന്ന സന്നദ്ധ സംഘടനക്ക് രൂപം നല്‍കിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »