News - 2025

അതിക്രമത്തിനിരയായ സന്യാസിനികളും സോഷ്യൽ മീഡിയയിൽ പരത്തുന്ന വ്യാജപ്രചരണങ്ങളും

വിജിലന്‍റ് കാത്തലിക് 26-03-2021 - Friday

മാർച്ച് പത്തൊമ്പതിന് ഡൽഹിയിൽനിന്ന് ഒഡീഷയിലേയ്ക്ക് യാത്രചെയ്യുകയായിരുന്ന യുവസന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് ആദ്യം വിശദമായി റിപ്പോർട്ട് ചെയ്തത് വിജിലന്റ് കാത്തലിക്ക് ആണ്. തുടർന്ന് വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ഒട്ടേറെപ്പേർ ആ റിപ്പോർട്ട് അതേപടിയോ, ചെറിയ ഭേദഗതികൾ വരുത്തിയോ ഉപയോഗിച്ചിട്ടുണ്ട്. സ്ഥാപിത താല്പര്യങ്ങളുള്ള മറ്റാരെങ്കിലുമൊക്കെയായി ആലോചിച്ചാണ് വിജിലന്റ് കാത്തലിക്ക് ലേഖനം എഴുതിയതെന്നും, പിന്നിൽ മറ്റുചില ലക്ഷ്യങ്ങളുണ്ട് എന്നും മറ്റുമുള്ള വാദങ്ങളിൽ യാതൊരുവിധ വാസ്തവങ്ങളുമില്ല എന്ന് അറിയിക്കട്ടെ. ആരെങ്കിലും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന് അവസരമൊരുക്കുന്നവരാണ് കരുതലെടുക്കേണ്ടത്, അതേക്കുറിച്ച് തുറന്നു പറയുന്നവരല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംഘപരിവാർ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുമെന്ന് കരുതുന്നു.

മാർച്ച് പത്തൊമ്പതിന് രാത്രി ഏഴര മുതൽ പതിനൊന്നര വരെ ഝാൻസിയിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളുടെ മറ്റുചില ഭാഷ്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. വളരെ നിസാരമായ ചില കാര്യങ്ങളാണ് അവിടെയുണ്ടായതെന്നും, വളരെ ഉത്തരവാദിത്ത പൂർണ്ണമായാണ് പ്രശ്നമുണ്ടാക്കിയവരും ആർപിഎഫും ലോക്കൽ പോലീസും ഇടപെട്ടതെന്നും, അനാവശ്യമായ വിവാദമാണ് ഈ വിഷയത്തിൽ സൃഷ്ടിക്കപ്പെട്ടതെന്നും മറ്റുമാണ് സംഘപരിവാർ അനുകൂലികളുടെയും ബിജെപി പക്ഷ മാധ്യമങ്ങളുടെയും പ്രചരണം. ഈ വിഷയം നിസാരമാണോ, ഗൗരവമുള്ളതാണോ എന്ന് അൽപ്പംകൂടി ആഴത്തിൽ വിശകലനം ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു.

ട്രെയിനിലുണ്ടായ വാക്തർക്കം

"കന്യാസ്ത്രീകളുടെ സംഭാഷണങ്ങളിൽ സംശയം തോന്നിയ ചിലർ സ്വാഭാവികമായും ഉന്നയിച്ച ചോദ്യങ്ങളിൽ" നിന്നാണ് തർക്കം തുടങ്ങിയത് എന്നാണ് ജന്മഭൂമി പത്രത്തിന്റെ (26. 03) വിശദീകരണം. ട്രെയിനിൽവച്ച് സന്യാസിനികൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം, കൂടെയുള്ള രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോവുകയാണ് എന്നുള്ളതാണ്. അത്തരമൊരു ആരോപണം ഉറപ്പുവരുത്താൻ ഒരുപാട് ചോദ്യോത്തരങ്ങളുടെ ആവശ്യമില്ല. അത് ശരിയാണോ എന്ന ചോദ്യത്തിന് അല്ല എന്ന ഉത്തരം ലഭിച്ചാൽ തീരുന്ന സംശയമേയുള്ളൂ. സന്യാസാർത്ഥിനികളോട് വിശദീകരണം തേടാം. പ്രായപൂർത്തിയായ അവർ, തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന് പറഞ്ഞാൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വാസ്തവമില്ല എന്നുപറഞ്ഞാൽ, കൂടുതൽ തർക്കങ്ങൾക്ക് അവിടെ പ്രസക്തിയില്ല. ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിട്ടും അടങ്ങാൻ തയ്യാറാവാത്ത അവർ, ആർപിഎഫിനെ വിളിച്ച് തങ്ങളുടെ സംശയങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ ആവശ്യപ്പെടുകയല്ല ചെയ്തത്. അവരെ ഉപയോഗിച്ച്, നിർബ്ബന്ധബുദ്ധ്യാ കന്യാസ്ത്രീകളെ ട്രെയിനിൽനിന്ന് പുറത്തിറക്കുകയാണ് ചെയ്തത്. പ്രശ്നമുണ്ടാക്കിയവരുടെ ആവശ്യപ്രകാരമാണ് അപ്രകാരം ചെയ്തത് എന്നുള്ളതിന് സന്യാസിനിമാരെ പ്രതീക്ഷിച്ച് സ്റ്റേഷനിൽ കാത്തുനിന്നിരുന്ന ആൾക്കൂട്ടം തന്നെയാണ് തെളിവ്. ട്രെയിൻ യാത്ര തടസപ്പെടുത്തി പുറത്തിറക്കി കുറ്റക്കാരായി വിധിക്കാൻ തക്ക ആരോപണങ്ങളൊന്നും അവർക്കുമേൽ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത.

അക്രമികൾക്ക് പ്രകോപനം തോന്നുന്നരീതിയിൽ തങ്ങളുടെ വിശ്വാസം സംബന്ധിച്ച കാര്യങ്ങൾ കന്യാസ്ത്രീകൾ പരസ്പരം സംസാരിച്ചു എന്നതാണ് പ്രശ്നത്തെ വെള്ളപൂശാൻ ഉയർത്തുന്ന ഒരു ന്യായീകരണം. ആ ആരോപണം വാസ്തവ വിരുദ്ധമാണ് എന്നിരിക്കിലും, അത്തരത്തിൽ ഇവർ പരസ്പരം ട്രെയിനിലിരുന്ന് സംസാരിച്ചെങ്കിൽ തന്നെ എന്താണ് തെറ്റ്? അന്യസംസ്ഥാനക്കാരായ ചിലർ മറ്റൊരു സംസ്ഥാനത്തിലൂടെ ട്രെയിനിൽ കടന്നുപോകുമ്പോൾ ആ സംസ്ഥാനത്തെ ചിലർ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന വിഷയങ്ങൾ മാത്രമേ സംസാരിക്കാൻ പാടുള്ളോ? മതം മാറ്റാനാണ് പെൺകുട്ടികളെ കൊണ്ടുപോകുന്നതെന്ന ആരോപണം - അഥവാ, അവർ പുതുതായി മതം മാറിയതാണെങ്കിൽ തന്നെയും ഉത്തർപ്രദേശിലുള്ളതുപോലെ മതംമാറ്റ നിരോധന നിയമം ഇല്ലാത്ത ഒരു സംസ്ഥാനത്തെ വ്യക്തികളുടെ കാര്യത്തിൽ, അവർ യാത്ര ചെയ്യുന്ന സംസ്ഥാനത്തിലെ നിയമം ബാധകമാകുമോ? ട്രെയിനിൽ ദൂരയാത്ര ചെയ്യുന്നവർ, അവർ കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ പ്രത്യേക നിയമങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നതെങ്ങനെ?

മനുഷ്യക്കടത്ത് സംശയിച്ചു എന്നുള്ളതാണ് മറ്റൊരു ആരോപണം. ഒഡീഷ സ്വദേശിനികളായ രണ്ട് പെൺകുട്ടികൾ സ്വന്തം നാട്ടിലേയ്ക്കുള്ള യാത്രയിലായിരിക്കെ എപ്രകാരമാണ് മനുഷ്യക്കടത്ത് ആരോപിക്കാൻ കഴിയുക? ഇത്തരത്തിൽ, യാത്രയ്ക്കിടെ പ്രശ്നമുണ്ടാക്കിയവർ ഉന്നയിച്ച ആരോപണങ്ങൾ 100 ശതമാനവും അടിസ്ഥാന രഹിതമായിരുന്നു എന്ന് വ്യക്തം. അത് മനസിലാക്കിക്കൊണ്ടുതന്നെയാണ് അവർ കസ്റ്റഡിയിൽ എടുക്കപ്പെട്ടത് എന്നുള്ളതാണ് യാഥാർഥ്യം. ചെറുപ്രായത്തിലുള്ള നാല് കന്യാസ്ത്രീകളോട് അവർക്ക് തികച്ചും അപരിചിതമായ ദേശത്ത് വച്ച്, രാത്രിയിൽ അപ്രകാരം ചെയ്തു എന്നുള്ളത് ലോകത്ത് ഒരു നിയമ വ്യവസ്ഥയിലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല. അവരോട് അപ്രകാരം ചെയ്യാൻ സമ്മർദ്ദം ചെലുത്തിയവരും, അതിന് വഴിയൊരുക്കിയ അധികാരികളും ചെയ്തത് ഗുരുതരമായ കുറ്റമാണ്.

സന്യാസിനികളെ കസ്റ്റഡിയിൽ എടുത്തതിന് പിന്നിലെ യുക്തിയെന്ത്?

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്തം ട്രെയിൻ യാത്രയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ്. ട്രെയിനും റെയിൽവേ സ്റ്റേഷനുകളുമാണ് ആർപിഎഫിന്റെ അധികാരപരിധിയിൽ വരുന്നത്. ഗുരുതരമായ എന്തെങ്കിലും നിയമ ലംഘനങ്ങളോ കുറ്റകൃത്യങ്ങളോ കണ്ടെത്തിയാൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ അവർക്ക് അധികാരമുണ്ട്. എന്നാൽ, കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളെ ലോക്കൽ പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും. തുടർന്നുള്ള അന്വേഷണങ്ങളും നടപടികളും സംസ്ഥാനത്തിന്റെ നിയമ സംവിധാനങ്ങളുടെ ഉത്തരവാദിത്തത്തിലായിരിക്കും. ഉത്തരപ്രദേശിൽ മാത്രം ബാധകമായ ഒരു നിയമത്തിന്റെ പേരിൽ അന്വേഷണം നടത്തി തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം ആർപിഎഫിനില്ല എന്നിരിക്കെ, അത്തരമുള്ള അന്വേഷണങ്ങളെല്ലാം നടക്കേണ്ടത് ലോക്കൽ പോലീസിന്റെ മേൽനോട്ടത്തിലാണ്. ആൾക്കൂട്ടത്തിന്റെ സമ്മർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിൽ, അന്വേഷണം അവസാനിപ്പിക്കാതെ അവരെ വിട്ടയയ്ക്കാൻ സാധാരണഗതിയിൽ കഴിയുമായിരുന്നില്ല. മറ്റ് ഇടപെടലുകളൊന്നും ഉണ്ടാകാത്ത പക്ഷം അവർ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട് റിമാൻഡിലേയ്ക്കും, തുടർന്ന് കേസ് കോടതിയിലേയ്ക്കും നീളാനുള്ള സാധ്യതകളാണ് ഉണ്ടായിരുന്നത്.

അന്നത്തെ സാഹചര്യത്തിൽ തുടർന്നുള്ള ട്രെയിൻ യാത്ര സുരക്ഷിതമല്ലാത്തതിനാലാണ് പോലീസ് ഇടപെട്ട് അവരെ ട്രെയിനിൽനിന്ന് ഇറക്കുകയും പിറ്റേദിവസം മറ്റൊരു ട്രെയിനിൽ പോലീസ് പ്രൊട്ടക്ഷനോടെ കയറ്റിവിടുകയും ചെയ്തത് എന്നാണ് ചിലരുടെ വാദം. എന്നാൽ സംഭവിച്ചത് എന്താണെന്ന് നോക്കാം. ഝാൻസി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന ചിലരാണ് പ്രശ്നമുണ്ടാക്കിയത്. അവരുടെയാളുകളായ നൂറ്റമ്പതില്പരം ഹിന്ദുത്വവാദികൾ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നിരുന്നു. അവർക്കിടയിലേക്കാണ് നാല് കന്യാസ്ത്രീകളെയുംകൊണ്ട് പോലീസ് ഇറങ്ങിച്ചെല്ലുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് അവരെ കൊണ്ടുപോകുമ്പോൾ മുദ്രാവാക്യം വിളികളും ആക്രോശവുമായി വലിയ ആൾക്കൂട്ടം അവരെ അനുഗമിക്കുകയുമുണ്ടായിരുന്നു. ആ നാലുപേരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ശരിയായ മാർഗം ആർപിഎഫിന്റെ ഇടപെടലോടെ അതേ ട്രെയിനിൽ തുടർന്നും യാത്ര ചെയ്യാൻ അനുവദിക്കുകയാണോ, അതോ അക്രമികളുടെ നാട്ടിൽ രാത്രി അവരെ ഒറ്റപ്പെടുത്തുകയാണോ? അവരുടെമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നിഷ്പ്രയാസം ട്രെയിനിൽനിന്നു തന്നെ മനസിലാക്കാൻ കഴിഞ്ഞിട്ടും, അഥവാ, അത്തരം എന്തെങ്കിലും അവർ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ഉത്തരപ്രദേശിലെ നിയമത്തിന് ഒന്നും ചെയ്യാനില്ലാതിരിക്കെ തീർത്തും അരക്ഷിതമായ സാഹചര്യത്തിൽ അവരെ എത്തിച്ചതാണ് ആർപിഎഫ് ചെയ്ത പ്രധാന തെറ്റ്.

പോലീസ് ഇടപെടൽ നീതിനിഷ്‌ഠമായതെങ്ങനെ?

തുടർന്ന് സംഭവിച്ചത് ഇപ്പോൾ ചിലർ അവകാശപ്പെടുന്നതുപോലെ നിഷ്പക്ഷവും നീതിനിഷ്ഠവുമായ, പോലീസിന്റെ സ്വതന്ത്ര ഇടപെടൽ ആയിരുന്നില്ല. അവിടുത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ക്രൈസ്തവനായിരുന്നതിനാലും അദ്ദേഹത്തെ ബന്ധപ്പെടാൻ സഭാധികാരികൾക്ക് കഴിഞ്ഞതിനാലും, ചില ഉയർന്ന ഉദ്യോഗസ്ഥർ ഉടൻ നേരിട്ട് വിഷയത്തിൽ ഇടപെട്ടതാണ് വഴിത്തിരിവുണ്ടാക്കിയത്. മേൽപ്പറഞ്ഞ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവും നേരിട്ട് ഈ പ്രശ്നത്തിൽ ഇടപെടുകയുണ്ടായിട്ടുണ്ട്. അദ്ദേഹവും മറ്റൊരാളും ചേർന്നാണ് അടുത്തദിവസം സന്യാസിനികളെ സുരക്ഷിതമായി ഝാൻസിയിൽനിന്ന് ട്രെയിൻ കയറ്റി വിട്ടത്. ശക്തമായ സ്വാധീനം ഉപയോഗിച്ചതിനാൽ മാത്രമാണ് ചിലർ തങ്ങൾക്കൊരുക്കിയ കെണിയിൽനിന്ന് രക്ഷപെടാൻ സന്യാസിനിമാർക്ക് കഴിഞ്ഞത്.

അവരെ സുരക്ഷിതമായി ട്രെയിൻ കയറ്റിവിട്ടത് പോലീസ് തന്നെയാണെന്ന വാദവും കളവാണ്. ഒഡീഷയിലേക്കുള്ള യാത്ര പകുതി വഴിപോലും എത്തുന്നതിന് മുമ്പേ അധികൃതരുടെ അനാസ്ഥ മൂലം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, തുടർന്ന് സുരക്ഷിത സാഹചര്യത്തിൽ യാത്രചെയ്യാൻ സംവിധാനമൊരുക്കണം എന്ന് സഭാധികാരികൾ ആവശ്യപ്പെടുകയായിരുന്നു. പോലീസ് മേലുദ്യോഗസ്ഥർ നേരിട്ട് ഇടപെട്ട വിഷയമായതിനാൽ റെയിൽവേ അധികൃതർ വിഐപി കോച്ചിൽ യാത്രയ്ക്കുള്ള സംവിധാനം ഒരുക്കാം എന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് കടന്നുപോകേണ്ട സ്ഥലങ്ങളിലെല്ലാം ഹിന്ദുത്വവാദികൾക്ക് വലിയ സ്വാധീനം ഉള്ളതിനാലും വീണ്ടും അവർ അപായപ്പെടുത്തിയേക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നതിനാലും പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടതും സഭാധികാരികളാണ്. തങ്ങളുടെ പദ്ധതി നടക്കാതെപോയതിനാൽ ഹിന്ദുത്വ തീവ്രവാദികൾ രോഷാകുലരാണ് എന്ന സൂചന അവർക്ക് ലഭിച്ചിരുന്നു. പോലീസ് വാക്കുപാലിച്ച് ഒരു ഉദ്യോഗസ്ഥനെ കൂടെ അയച്ചു എങ്കിലും റെയിൽവേ വാക്കുപാലിച്ചില്ല. വിഐപി കോച്ചിൽ യാത്രചെയ്യാൻ സംവിധാനം ഒരുക്കാമെന്ന് വാക്കുനൽകിയിട്ട്, വികലാംഗർക്കുള്ള ജനറൽ കമ്പാർട്ട്മെന്റിലാണ് അവർക്ക് സീറ്റ് നൽകിയത്. അവിടെയും, നാലുപേർക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. തേർഡ് എസിയിൽ കൂടുതൽ പണം നൽകി ടിക്കറ്റ് എടുത്ത് യാത്രചെയ്തവർക്ക് അവർ നൽകിയ പണത്തിനുള്ള സൗകര്യമെങ്കിലും നൽകാൻ റെയിൽവേ തയ്യാറായില്ല.

ന്യൂസ് വൈകിയത് എന്തുകൊണ്ട്?

സംഭവം നടന്നത് പത്തൊമ്പതാം തിയതിയും, ന്യൂസ് പുറത്തുവന്നത് ഇരുപത്തൊന്നാം തിയ്യതിയുമാണ് എന്നതിനെ വളരെ ദുരൂഹമായി ചിലർ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പത്തൊമ്പതാം തിയ്യതി രാത്രി ഏഴരയോടെയാണ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ സന്യാസിനിമാർ അകപ്പെടുന്നത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളെ തുടർന്ന് പതിനൊന്നരയോടെ പോലീസ് സ്റ്റേഷനിൽനിന്ന് അവരെ സ്വതന്ത്രമാക്കി ഝാൻസി ബിഷപ്പ് ഹൗസിൽ എത്തിച്ചു. പിറ്റേദിവസം പതിനൊന്നുമണിയോടെ ഡൽഹി എസ്എച്ച് പ്രൊവിൻഷ്യൽ ഹൗസിൽ നിന്നുള്ള മുതിർന്ന സന്യാസിനിമാർ ഏഴുമണിക്കൂറോളം കാറിൽ യാത്രചെയ്ത് ഝാൻസിയിലെത്തുകയും തുടർ നടപടികൾ വൈദികരുമായി ചർച്ച ചെയ്യുകയും ഉണ്ടായി. സന്യാസിനിമാർ ഇത്തരത്തിലുള്ള ഒരു അതിക്രമത്തിന് ഇരയായതിനാൽ വലിയ ആശങ്കയിൽ അകപ്പെട്ട സഭാധികാരികൾ ആദ്യം അവരെ തിരികെ ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് ആലോചിച്ചത്. എന്നാൽ, തങ്ങൾക്ക് ഭയമില്ലെന്നും ട്രെയിനിൽ തുടർയാത്രയ്ക്കുള്ള സൗകര്യം ഒരുക്കി കിട്ടിയാൽ യാത്ര തുടരാമെന്നും സന്യാസിനിമാരും സന്യാസാർത്ഥിനിമാരും പറയുകയുണ്ടായി. ഒഡീഷയിലുള്ള അവരുടെ മാതാപിതാക്കളും ഭയന്നുപോയിരുന്നതിനാൽ മക്കളെ വൈകാതെ കാണണം എന്ന ആഗ്രഹം അറിയിച്ചു. അതോടെയാണ് തുടർയാത്രയ്ക്കുള്ള ആവശ്യം ഒരുക്കി നല്കാൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെടുന്നത്. മുമ്പ് പറഞ്ഞതുപോലെ വിഐപി കോച്ചിൽ യാത്രാസൗകര്യം ഒരുക്കാമെന്നും അവർ വാഗ്ദാനം ചെയ്തു.

ഇരുപതാം തിയ്യതി വൈകിട്ടായിരുന്നു അവർക്ക് പോകാനുള്ള ട്രെയിൻ. ശത്രുക്കൾ അപായപ്പെടുത്താനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ, തുടർന്നുള്ള യാത്രയിലെ സുരക്ഷിതത്വം മുൻനിർത്തി രണ്ട് സന്യാസിനിമാരും സന്യാസവേഷം മാറ്റി ചുരിദാർ ധരിച്ചു. പിറ്റേദിവസം, അതായത് മാർച്ച് ഇരുപത്തൊന്ന് സന്ധ്യയോടെയാണ് അവർ ഒഡീഷയിൽ എത്തിയത്. അതിന് ശേഷമാണ് സംഭവിച്ച കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ തീരുമാനിച്ചത്. കാരണം, അവരുടെ യാത്ര അവസാനിക്കുന്നതുവരെ എല്ലാവരും വലിയ ആശങ്കയിലായിരുന്നു. സംഭവിച്ച കാര്യങ്ങളുടെ വിശദവിവരങ്ങൾ വിജിലന്റ് കാത്തലിക്ക് ഫേസ്‌ബുക്ക് പേജിലൂടെ പുറംലോകം അറിഞ്ഞത് ആ രാത്രി തന്നെയാണ്. എന്നാൽ, ഇരുപതാം തിയ്യതിയിലെ ചില ഹിന്ദി പത്രങ്ങളിൽ മത പരിവർത്തന കുറ്റം ചുമത്തി "നാല് സ്ത്രീകൾ പിടിക്കപ്പെട്ടു" എന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കസ്റ്റഡിയിൽ എടുക്കപ്പെട്ട് ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ വ്യക്തമാവുകയും അവരെ നിരുപാധികം വിട്ടയയ്ക്കുകയും ചെയ്ത ഒരു സംഭവത്തിൽ, സാമാന്യം വിശദമായി തന്നെ എന്നാൽ, വാസ്തവം വെളിപ്പെടുത്താതെ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടെങ്കിൽ അത് കരുതിക്കൂട്ടി ചെയ്തതാണ് എന്നതിൽ സംശയമില്ല.

സന്യാസിനീ സമൂഹത്തിന്റെയും കത്തോലിക്കാ സഭയുടെയും പരാതി

ഝാൻസിയിൽ സംഭവിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ സത്യം തന്നെ എന്ന് ഏറെപ്പേർക്കും പൂർണ്ണമായി ബോധ്യപ്പെട്ടത് ഇരുപത്തിരണ്ടാം തിയ്യതി ചില ദൃശ്യങ്ങൾ വെളിയിൽ വന്നതോടെയാണ്. പരമാവധി 30 - 40 സെക്കൻഡ് ദൈർഘ്യം വരുന്ന നാല് വീഡിയോകളാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. അതിൽ കണ്ടതനുസരിച്ച് പുതിയ ചില വ്യാഖ്യാനങ്ങളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സന്യസ്തരെ ആരും ആക്രമിച്ചിട്ടില്ല എന്ന വാദമായിരുന്നു ഒന്ന്. അവർ ശാരീരികമായി ആക്രമിക്കപ്പെട്ടു എന്ന് ഇതുവരെയും ആരും പറഞ്ഞിട്ടില്ല. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ചില ദൃശ്യങ്ങളിൽനിന്ന് അളന്നെടുക്കാവുന്നതിൽ ഒരുപാടധികമാണ് അവർ അനുഭവിച്ച മാനസിക പീഡനമെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ലെങ്കിൽ പോലും അത് അംഗീകരിക്കാൻ തയ്യാറാകാതെ മുടന്തൻ ന്യായങ്ങൾ ഉയർത്തുന്നവർ ഏറെയുണ്ട്.

ഈ സംഭവത്തിൽ ആരും പരാതിപ്പെടാത്തതെന്ത് എന്ന ചോദ്യം ആരംഭം മുതലുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടതൊന്നും വാസ്തവമല്ല എന്ന് സ്ഥാപിക്കുന്നതിനായാണ് "ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല" എന്ന വാദം ആരംഭം മുതൽ ചിലർ ഉയർത്തിയിരുന്നത്. എന്നാൽ, ഇതിനകം ഒട്ടേറെ പരാതികൾ അധികാരികൾക്ക് നൽകിയിട്ടുണ്ട്. വിവിധ തലങ്ങളിൽ ഗൗരവപൂർണമായ അന്വേഷണങ്ങൾ നടക്കുന്നുമുണ്ട്. കേരളമുഖ്യമന്ത്രി ഉൾപ്പെടെ ഈ വിഷയത്തിൽ അന്വേഷണവും നടപടികളും ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയും നടപടികൾ സ്വീകരിക്കപ്പെടുകയുമാണ് വേണ്ടത്. അർത്ഥശൂന്യമായ വാദഗതികളുമായി സംഭവിച്ചതിനെയും കാരണക്കാരായവരെയും വെള്ളപൂശാൻ ശ്രമിക്കുന്നവർ നിഷ്പക്ഷമായി ഈ വിഷയത്തെ സമീപിക്കാൻ അഭ്യർത്ഥിക്കുന്നു.

ഇത്തരമൊരു സംഭവത്തിന് ഉത്തരവാദികളായ ഇന്ത്യൻ റെയിൽവേ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, തീവ്ര ഹിന്ദുത്വ സംഘനാ പ്രവർത്തകർ തുടങ്ങിയവർ നിർബ്ബന്ധമായും നിയമത്തിന് മുന്നിൽ വരേണ്ടതുണ്ട്. ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിക്കൊണ്ടുതന്നെ അവരെ ട്രെയിനിൽനിന്ന് ഇറക്കി മതവിദ്വേഷം ആളിക്കത്തിനിന്ന വർഗീയവാദികൾക്ക് ഇടയിലേക്ക് വിട്ടുകൊടുത്ത് അവഹേളിക്കപ്പെടാൻ അവസരമൊരുക്കിയവരും അതിന് പദ്ധതിയിട്ടവരും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. തങ്ങളുടെ അധികാരം ദുർബ്ബലർക്കും നിരാലംബർക്കും എതിരെയുള്ള ആയുധമായി ഉപയോഗിക്കപ്പെടാൻ അക്രമികൾക്ക് അവസരമൊരുക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രീതികൾക്ക് മാറ്റമുണ്ടാകണം.


Related Articles »