News - 2025
വിഭാഗീയത സഭയെ മുറിവേൽപ്പിച്ചു: പേപ്പൽ ധ്യാനഗുരു കർദ്ദിനാൾ കന്താൽമെസാ
പ്രവാചക ശബ്ദം 05-04-2021 - Monday
വിഭാഗീയത സഭയെ മുറിവേൽപ്പിച്ചുവെന്ന് പേപ്പൽ ധ്യാനഗുരു കർദ്ദിനാൾ റാനിയാറോ കന്താൽമെസാ. ദുഃഖവെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ആരാധന മധ്യേ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കരുടെ ഇടയിലെ തർക്കങ്ങൾ ക്രിസ്തുവിന്റെ തിരുകച്ച പല കഷ്ണങ്ങളായി മുറിയാൻ കാരണമായി. മാനുഷിക വശമാണ് താൻ പറഞ്ഞതൊന്നും, പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്ന ക്രിസ്തുവിൻറെ യഥാർത്ഥ തിരുക്കച്ച ആർക്കും മുറിച്ചുകളയാൻ സാധിക്കില്ലെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ കണ്ണിൽ സഭ ഏകവും, പരിശുദ്ധവും, അപ്പസ്തോലികവും, സാർവത്രികവുമാണ്. ലോകാവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കും. എന്നാൽ ഇതിന്റെ പേരിൽ നമുക്ക് ഒരു ഒഴിവുകഴിവ് പറയാൻ സാധിക്കില്ല എന്ന് മാത്രമല്ല, കൂടുതൽ ശക്തമായി മുറിവുകൾ ഭേദമാകാൻ നാം പരിശ്രമിക്കുകയും വേണമെന്നും കർദ്ദിനാൾ പറഞ്ഞു. മാർപാപ്പ അർപ്പിക്കുന്ന ദുഃഖവെള്ളിയാഴ്ച തിരുകർമ്മത്തിൽ മാത്രമാണ് മറ്റൊരാൾക്ക് വചനസന്ദേശം നൽകാൻ അവസരം ഉള്ളത്. അടുത്തിടെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട റാനിയാറോ കന്താൽമെസായാണ് ഈ ദൗത്യം നിർവഹിക്കാറുള്ളത്. കൊറോണാ വൈറസ് വ്യാപന ഭീതിയെ തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ മൂലം ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങളിൽ ഏകദേശം ഇരുന്നൂറോളം ആളുകൾ മാത്രമാണ് പങ്കെടുത്തത്.
ഇതിൽ കർദ്ദിനാളുമാരും, വത്തിക്കാൻ ഉദ്യോഗസ്ഥരും, പാപ്പയുടെ സുരക്ഷാ ചുമതല ഉള്ളവരും ഉണ്ടായിരുന്നു. ഫ്രാൻസിസ് മാർപാപ്പ പത്രോസിന്റെ സിംഹാസനത്തിന് സമീപം കുമ്പിട്ട് തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. പിന്നീട് ക്രിസ്തുവിനെ ക്രൂശു മരണത്തിനു മുമ്പ് ബന്ധനസ്ഥനാക്കിയത് മുതൽ, സംസ്കാരം വരെയുള്ള പീഡാനുഭവ ചരിത്രം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വായിച്ചു. ക്രിസ്തുവിന്റെ ക്രൂശിതരൂപം ചുംബിക്കുന്ന പരമ്പരാഗത ആചാരം ഇത്തവണ ഒഴിവാക്കിയിരുന്നു.