News - 2025
ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തിന്റെ കണ്ണീരോര്‍മ്മയുമായി ശ്രീലങ്കന്‍ ക്രൈസ്തവര്‍
പ്രവാചക ശബ്ദം 06-04-2021 - Tuesday
കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ കണ്ണീരോര്‍മ്മയുമായി ശ്രീലങ്കന്‍ ക്രൈസ്തവരുടെ ഈസ്റ്റര്‍ ആചരണം. 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ 258 പേരുടെ ജീവനെടുത്തത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ‘നാഷ്ണല്‍ തൌഹീദ് ജമാഅത്ത്’ (എന്‍.ടി.ജെ) എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയായിരിന്നു. ബോംബാക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണമെന്ന തങ്ങളുടെ ആവശ്യം ശ്രീലങ്കയിലെ ക്രൈസ്തവ ന്യൂനപക്ഷം ഈസ്റ്ററിനോട് അനുബന്ധിച്ച് ആവര്‍ത്തിച്ചു. പ്രസിഡന്റ് നിയോഗിച്ച കമ്മീഷന്റെ കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഓരോ വ്യക്തിയേയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും, ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളും, ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള എല്ലാവരേയും അവരുടെ പദവികള്‍ കണക്കിലെടുക്കാതെ എത്രയും പെട്ടെന്ന് വിചാരണ ചെയ്യണമെന്നും കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് മാര്‍ച്ച് 29ന് പുറത്തുവിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിന്നു.
കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ മുന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനക്ക് പുറമേ, മുന്‍ ഡിഫന്‍സ് സെക്രട്ടറിമാര്‍, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് വിഭാഗം തലവന്മാര്‍ തുടങ്ങീ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് അവഗണിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ആക്രമണങ്ങളേക്കുറിച്ച് മുന്നറിവുണ്ടായിരുന്നെന്ന ആരോപണം ഈ ആഴ്ച ആരംഭത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ സിരിസേന നിഷേധിച്ചു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് മുന്‍പ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് ബന്ധപ്പെട്ട അധികാരികള്‍ക്ക് ലഭിച്ചിരുന്നെന്ന കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നു കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നേരത്തേ ആരോപിച്ചിരിന്നു. മൂന്ന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, ആഡംബര ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണത്തിന്റെ മുറിപ്പാടുകള്‍ ഇന്നും ശ്രീലങ്കന്‍ ക്രിസ്ത്യാനികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്. തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശ്രീലങ്കയിലെ ക്രൈസ്തവ വിശ്വാസികള്‍ കഴിഞ്ഞ മാസം ആദ്യം “കറുത്ത ഞായര്‍” ആചരിച്ചിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക