India - 2025
പുലിയൻപാറ ടാർ പ്ലാന്റിനെതിരെ സമരം ചെയ്ത ക്രൈസ്തവ സംഘടനകള്‍ക്ക് നേരെ കേസ്: പ്രതിഷേധം പുകയുന്നു
പ്രവാചക ശബ്ദം 14-04-2021 - Wednesday
കോതമംഗലം: പുലിയൻപാറ പള്ളിക്ക് സമീപം ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിച്ചതിനെതിരെ സമരം ചെയ്തതിന് എഴുപത് പേർക്കെതിരെ ഊന്നുകൽ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനങ്ങൾ നടന്നപ്പോൾ ഒരു നടപടിയും എടുക്കാതിരുന്ന പോലീസ് പൊതു നന്മയ്ക്കായി സമരം ചെയ്തവരുടെ പേരിൽ എടുത്തത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലന്നാണ് പൊതുസമൂഹം അഭിപ്രായപ്പെടുന്നത്.
മാർച്ച് 29 തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞായിരുന്നു കവളങ്ങാട് പഞ്ചായത്തിൻറ മുൻപിൽ ടാർ മിക്സിങ് പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കെസിവൈഎം, മാതൃവേദി, ഇന്‍ഫാം, വിന്‍സെന്റ് ഡി പോള്‍, പുലിയന്‍പാറ സമരസമിതി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നെല്ലിമറ്റത്ത് ആയിരത്തോളം ആളുകളാണ് സമരത്തില്‍ ഭാഗഭാക്കായത്. ടാർ മിക്സിങ് പ്ലാൻറ് ഉടമകളെയും രാഷ്ട്രീയക്കാരെയും സംരക്ഷിക്കാനുള്ള പോലീസിൻറെ ഗൂഢതന്ത്രമാണ് കേസെടുത്തതിന് പിന്നിലെന്ന ആരോപണം ശക്തമാണ്.
പുലിയമ്പാറ പള്ളി വികാരിയുടെ ആഭിമുഖ്യത്തിൽ സമരം നടന്നപ്പോൾ ഊന്നുകൽ സിഐ വളരെ മോശമായി പെരുമാറിയിരുന്നു. അതിനെതിരെയും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കൊറോണ നിയമലംഘനം ആരോപിച്ച് കേസെടുത്തിരിക്കുന്നത്. ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. പള്ളിയുടെ തൊട്ടടുത്തായി പ്രവർത്തനാനുമതി നൽകിയ ഭീമൻ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനം മൂലം പള്ളിയുടേയും സമീപ പ്രദേശത്തേയും ജനങ്ങൾക്ക് സ്വസ്ഥജീവിതം നഷ്ടമായി. പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയിൽ ശുശ്രൂഷ നടത്താനാവാത്ത അവസ്ഥ സംജാതമായതിനെ തുടര്‍ന്നു ദേവാലയം അടച്ചു പൂട്ടിയിരിന്നു.