India - 2025

പുലിയന്‍പാറയിലെ മാതാവിന്റെ തിരുസ്വരൂപത്തിന് നേരെയുള്ള അക്രമം: പ്രതിഷേധം ശക്തമാകുന്നു

പ്രവാചകശബ്ദം 11-10-2021 - Monday

കോതമംഗലം: പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പൂമുഖത്ത് സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം ഇളക്കിമാറ്റി സമീപത്തെ പൈനാപ്പിള്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇടവകയില്‍ പ്രതിഷേധ സമ്മേളനം നടത്തി. ക്രൈസ്തവ സംസ്‌കാരത്തില്‍ അടിയുറച്ചുള്ള സമാധാനപൂര്‍വമായ പ്രതിഷേധ പ്രതികരണമാണ് അതിക്രമത്തിനെതിരേ ഉദ്ദേശിക്കുന്നതെന്ന് ഇടവക വികാരി ഫാ. പോള്‍ ചൂരത്തൊട്ടി വ്യക്തമാക്കി. നന്മയ്ക്കെതിരെയുള്ള തിന്മകളുടെ ആക്രമണത്തെ പക്വതയോടെ പ്രാര്‍ത്ഥനയില്‍ അടിയുറച്ച് നേരിടുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

ഇത്തരം അതിക്രമങ്ങള്‍കൊണ്ട് തകരുന്നതല്ല കത്തോലിക്കാ സഭയും വിശ്വാസവും. 15ന് ഇടവകയില്‍ പ്രാര്‍ഥനാദിനമായി ആചരിക്കും. പ്രതിഷേധ സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി റവ. ഡോ. തോമസ് ചെറുപറന്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം ഫോറോനാ പ്രസിഡന്റ് സണ്ണി കടൂത്താഴെ, പാരിഷ് കൗണ്‍സില്‍ അംഗം ജോര്‍ജുകുട്ടി നെല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവക ട്രസ്റ്റിമാരായ ബെന്നി പഴയിടം, പോളി തെങ്ങുംകുടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പള്ളിയിലെ മാതാവിന്റെ തിരുസ്വരൂപം സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റിയ സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാതാവിന്റെ തിരുസ്വരൂപം നശിപ്പിക്കുന്നതിനായി ശ്രമിച്ചത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. മതസൗഹാര്‍ദത്തോടെ ജീവിക്കുന്ന പുലിയന്‍പാറ നിവാസികളെ തമ്മിലടിപ്പിക്കുവാനുള്ള ഗൂഢ തന്ത്രങ്ങളാണോ സംഭവത്തിന് പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കോതമംഗലം രൂപത പ്രസിഡന്റ് ജോസ് പുതിയടം, ട്രഷറര്‍ ജോയ് പോള്‍, സെക്രട്ടറിമാരായ ബേബിച്ചന്‍ നിധീരിക്കല്‍, മോന്‍സി മങ്ങാട്, അലോഷ്യസ് അറക്കല്‍, ജോര്‍ജ് കൊടിയാട്ട്, ജോര്‍ജുകുട്ടി നെല്ലിക്കല്‍, കുഞ്ഞച്ചന്‍ പീച്ചാട്ട്, ബെന്നി പഴയിടം, പോളി തെങ്ങുംകുടി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

സംഭവത്തില്‍ ശക്തമായ അന്വേഷണം കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളിയുടെ മുന്പില്‍ സ്ഥാപിച്ചിരുന്ന രൂപക്കൂട്ടില്‍നിന്നു പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം ഇളക്കി സംഭവത്തിലെ സാമൂഹ്യ ദ്രോഹികളെ എത്രയുംവേഗം കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ള നീചപ്രവര്‍ത്തികള്‍ ഇനിയുണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയില്‍ ഏതാനും ദിവസം മുന്‍പാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ശനിയാഴ്ച രാവിലെ പള്ളിയിൽ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് പള്ളിയുടെ മുൻഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടിൽ വച്ചിരുന്ന മാതാവിൻ്റെ രൂപം തോട്ടത്തിൽ എറിഞ്ഞുകളയപ്പെട്ട രീതിയില്‍ കണ്ടെത്തിയത്.


Related Articles »