News - 2025
കോവിഡ് രണ്ടാം വ്യാപനം: ഗുജറാത്തില്‍ മരിച്ച വൈദികരില്‍ രണ്ട് മലയാളികളും
പ്രവാചക ശബ്ദം 20-04-2021 - Tuesday
കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ച വൈദികരുടെ എണ്ണം ഏഴായി. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. ജസ്യൂട്ട് സന്യാസ സമൂഹാംഗമായ ഫാ. വര്‍ഗീസ് പോള്‍ (78), സിഎംഐ വൈദികന്‍ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് (92) എന്നിവരാണു മരിച്ച മലയാളികള്‍. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയായ ഫാ. വര്‍ഗീസ് പോള്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്.
റോമില്‍ ദൈവശാസ്ത്രത്തിലും ലണ്ടനിലും അമേരിക്കയിലും ജേര്‍ണലിസത്തിലും ഉപരിപഠനം നടത്തിയ ഇദ്ദേഹം, സൗത്ത് ഏഷ്യന്‍ റിലീജിയസ് ന്യൂസിന്റെ (എസ്എആര്‍ ന്യൂസ്) സ്ഥാപക ഡയറക്ടറാണ്. ഗുജറാത്തി ഭാഷയില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാജ്കോട്ട് സെന്റ് സേവ്യേഴ്സ് സിഎംഐ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് എറണാകുളം അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്. ക്രൈസ്റ്റ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം. മരിച്ച വൈദികരുടെ സംസ്കാര ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി.