Faith And Reason - 2024

കോവിഡ് മൂലം മരണപ്പെട്ടവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് ഫിലിപ്പീന്‍സ് രൂപത

പ്രവാചക ശബ്ദം 22-04-2021 - Thursday

മനില: കൊറോണ പകര്‍ച്ചവ്യാധി മൂലം ജീവന്‍ നഷ്ടപ്പെട്ട ആയിരങ്ങളുടെ ആദരണാര്‍ത്ഥം അവരെ ഓര്‍മ്മിക്കുവാനും, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായി മെയ് 8 ‘കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ ദിന’മായി ആചരിക്കുമെന്ന് മനില അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോ. അന്നേ ദിവസം രാവിലെ 9 മണിക്ക് മനില കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് ദിനാചരണം ആരംഭിക്കുക. കോവിഡ് 19 മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മനിലയിലെ വൈദികര്‍ മൗനമായി പ്രാര്‍ത്ഥിക്കുമെന്നു അതിരൂപതയുടെ പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. തത്സമയ സംപ്രേഷണം ചെയ്യപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പാബില്ലോ മെത്രാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. കൊറോണ ബാധിച്ച് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഓര്‍മ്മപ്പെടുത്തലായി ഈ ദിനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

യേശുക്രിസ്തുവിന്റെ ഉത്ഥാനം പ്രദാനം ചെയ്ത മഹത്തായ പ്രത്യാശയില്‍ പകര്‍ച്ചവ്യാധി മൂലം മരണപ്പെട്ടവര്‍ക്ക് വേണ്ടി അതിരൂപത പൂര്‍ണ്ണമായും ദുഃഖാചരണം നടത്തുമെന്നും, പ്രിയപ്പെട്ടവരുടെ വിയോഗത്തിലുള്ള ദുഃഖവും, കണ്ണീരും കര്‍ത്താവിന്റെ അള്‍ത്താരയില്‍ ഒരുമിപ്പിക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. തങ്ങളുടെ ഇടവകയില്‍ നിന്നും കൊറോണ ബാധിതരായി മരണപ്പെട്ടവരുടെ ചിത്രങ്ങള്‍വെച്ച് ഇടവകകള്‍ക്ക് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരായി മരണപ്പെട്ടവരുടെ ദിനാചരണത്തിനു മുന്നോടിയായി മെയ് 5,6,7 തിയതികളില്‍ വൈകിട്ട് 6 മണിക്ക് ദിവ്യകാരുണ്യത്തിന് മുന്നില്‍ ‘വിശുദ്ധ മണിക്കൂര്‍’ പ്രാര്‍ത്ഥനയും, പ്രാര്‍ത്ഥനക്കിടയില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തുവെച്ചിരിക്കുന്ന വീഡിയോയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇവ തത്സമയം ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും.

മെയ് 5ന് കൊറോണക്കെതിരെ പൊരുതുന്നവര്‍ക്ക് വേണ്ടിയും, മെയ് 6ന് പുതുതായി രോഗം ബാധിച്ചവര്‍ക്ക് വേണ്ടിയും, മെയ് 7ന് കൊറോണ ബാധിച്ച് മരണപ്പെട്ടവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് മെത്രാന്റെ പ്രഖ്യാപനം അവസാനിക്കുന്നത്. ഏപ്രില്‍ 20ന് 7,379 പുതിയ കൊറോണ കേസുകളാണ് ഫിലിപ്പീന്‍സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 21,000 പേര്‍ പുതുതായി രോഗവിമുക്തി നേടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 1,27,006 കൊറോണ രോഗികളാണ് ഫിലിപ്പീന്‍സില്‍ ഉള്ളത്. 93 പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്തു മരിച്ച കോവിഡ് ബാധിതരുടെ എണ്ണം 16,141 ആയി ഉയര്‍ന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »