News - 2025

തെക്കന്‍ സുഡാനിലെ റുംബെക് രൂപതയുടെ നിയുക്ത മെത്രാന് വെടിയേറ്റു

പ്രവാചക ശബ്ദം 27-04-2021 - Tuesday

റുംബെക്: തെക്കന്‍ സുഡാനിലെ റുംബെക് രൂപതയുടെ നിയുക്ത മെത്രാനും കോംബോനി സഭാംഗവുമായ ക്രിസ്ത്യൻ കാർലാസെറെയ്ക്കു വെടിയേറ്റു. പരിക്കേറ്റ അദ്ദേഹത്തെ റുംബെക് രൂപതയിലെ കുവാം (സി.യു.എ.എം.എം) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ 25 രാത്രി 12.45-നാണ് സംഭവം നടന്നതെന്ന്‍ നിയുക്ത മെത്രാന്‍ താമസിച്ചിരുന്ന ഭവനത്തിലെ ഫാ. ആന്‍ഡ്രി ഒസ്മാന്‍ 'എ.സി.ഐ ആഫ്രിക്ക'യോട് വെളിപ്പെടുത്തി. ആയുധധാരികളായ രണ്ടുപേരാണ് ആക്രമത്തിന്റെ പിന്നിലെന്നും, തന്നെക്കണ്ടതും അക്രമികള്‍ ദൂരെ പോകാന്‍ പറഞ്ഞുവെന്നും, അതിലൊരാള്‍ തനിക്കു നേരെ രണ്ടു പ്രാവശ്യം വെടിവെച്ചെങ്കിലും, തനിക്ക് പിന്നിലുള്ള കസേരയിലാണ് വെടിയേറ്റതെന്നും ഫാ. ആന്‍ഡ്രി പറഞ്ഞു. നിയുക്ത മെത്രാന്റെ ഒരു കാലില്‍ രണ്ടു വെടിയും, മറ്റേക്കാലില്‍ ഒരു വെടിയുമാണ് ഏറ്റിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയുക്ത മെത്രാനെ ലക്ഷ്യമാക്കിയാണ് അക്രമികള്‍ എത്തിയതെന്നും, വാതില്‍ക്കല്‍ മുട്ടിയ അക്രമികള്‍ വാതില്‍ തകരുന്നത് വരെ വെടിയുതിര്‍ത്തുവെന്നും. നിയുക്ത മെത്രാനെ വെടിവെച്ച ശേഷം അവര്‍ ഓടിയൊളിച്ചുവെന്നും റൂംബെക് ആസ്ഥാനമായുള്ള ലോജിസ്റ്റിക്സ്‌ തലവന്‍ അബെങ്കോ മാരോള്‍ പറഞ്ഞു. ഇതൊരു ആസൂത്രിത ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിയുക്ത മെത്രാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, രക്തസ്രാവം നിയന്ത്രണത്തിലായിട്ടുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ചുകൊണ്ടു എ.സി.ഐ ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ (എ.എം.ആര്‍.ഇ.എഫ്) സഹായത്തോടെ വ്യോമമാര്‍ഗ്ഗം കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ആശുപത്രിയിലേക്ക് മാറ്റുവാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ഇറ്റാലിയന്‍ സ്വദേശിയായ കോംബോനി മിഷ്ണറി വൈദികനായ ഫാ. ക്രിസ്ത്യനെ റുംബെക് രൂപതയുടെ മെത്രാനായി തെരഞ്ഞെടുത്തത്. പെന്തക്കൂസ്ത ഞായറായ മെയ് 23നു ആണ് അദ്ദേഹത്തിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 2005-ല്‍ തെക്കന്‍ സുഡാനില്‍ എത്തിയ ശേഷം മാലാകല്‍ രൂപതയില്‍ സേവനം ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ജുബായിലെ ആത്മീയ ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം റുംബെക്കില്‍ എത്തിയത്. 2011 ജൂലൈ മാസത്തില്‍ ബിഷപ്പ് സെസരെ മാസൊളാരിയുടെ മരണത്തിനു ശേഷം റുംബെക്ക് രൂപതയില്‍ മെത്രാനില്ലാത്ത അവസ്ഥയായിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »