News - 2025

ആംബുലൻസും മെഡിക്കൽ ഉപകരണങ്ങളും: അര്‍മേനിയന്‍ ജനതയ്ക്കു പിന്തുണയുമായി പാപ്പ

പ്രവാചക ശബ്ദം 28-04-2021 - Wednesday

അഷോത്സക്: കോവിഡ് -19 രോഗികളെ സഹായിക്കുന്നതിനായി നൂതന മൊബൈൽ മെഡിക്കൽ ഉപകരണങ്ങളും വിവിധ സംവിധാനങ്ങളുള്ള പുതിയ ആംബുലൻസും അര്‍മേനിയയ്ക്കു സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ. ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ഒന്നര ദശലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികൾ ക്രൂരമായി കൊലചെയ്യപ്പെട്ട അർമേനിയൻ വംശഹത്യയുടെ അനുസ്മരണ ദിനത്തിന്റെ പിറ്റേന്നാണ് മാർപാപ്പയുടെ സഹായം രാജ്യത്തിന് ലഭിച്ചതെന്നത് ശ്രദ്ധേയമാണ്.

വടക്കൻ അർമേനിയൻ പട്ടണമായ അഷോത്സ്കിലെ “റിഡംപ്റ്റോറിസ് മേറ്റർ” ഹോസ്പിറ്റലിനായി ഫ്രാൻസിസ് മാർപാപ്പ നൽകിയ ആംബുലൻസ് അർമേനിയയിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് ജോസ് ബെറ്റെൻകോർട്ട് ആശീർവദിച്ചു. കിഴക്കൻ യൂറോപ്പിലെ അർമേനിയൻ കത്തോലിക്കർക്കായുള്ള ഓർഡിനറിയേറ്റിൽ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മരിയോ കുക്കറല്ലോയൊടൊപ്പം നടത്തിയ ചടങ്ങിൽവെച്ചാണ് ആർച്ച് ബിഷപ്പ് ബെറ്റെൻകോർട്ട് ആംബുലൻസ് ആശീർവദിച്ച് കൈമാറിയത്.

ആശുപത്രിയിലെ കോവിഡ് -19 രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി രാജ്യത്തെ കത്തോലിക്കാ ആരോഗ്യ ഡയറക്ടറേറ്റ് കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ ഇതിനോടകം വാങ്ങിയിട്ടുണ്ട്. സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ ഭാഗമായ ഗുഡ് സമരിറ്റൻ ഫൗണ്ടേഷനോടൊപ്പം അർമേനിയയിലെ അപ്പോസ്തോലിക ന്യൂണ്‍ഷോയുടെ ഓഫീസും ചേർന്നാണ് മാർപാപ്പയുടെ കാരുണ്യ സ്പർശം അർമേനിയൻ ജനതയ്ക്ക് കൈമാറിയിരിക്കുന്നത്. 30 ലക്ഷത്തോളം ജനങ്ങളാണ് അര്‍മേനിയായില്‍ അധിവസിക്കുന്നത്. 2,14,000 പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും 1,96,000 രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 40,58 മരണമാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »