News

ഈസ്റ്റര്‍ ആക്രമണം: അറസ്റ്റിലായ ശ്രീലങ്കന്‍ എംപിയുടെ കേരള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

പ്രവാചക ശബ്ദം 01-05-2021 - Saturday

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളുടെ പേരില്‍ അറസ്റ്റിലായ ശ്രീലങ്കയിലെ ‘ഓള്‍ സിലോണ്‍ മക്കള്‍ കോണ്‍ഗ്രസ്സ്’ നേതാവും, പാര്‍ലമെന്‍റ് എം‌പിയുമായ റിഷാദ് ബദിയുദ്ദീന്റെ കേരളാ ബന്ധങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയും കേരളാ പോലീസും അന്വേഷണം ആരംഭിച്ചു. കൊളംബോയില്‍ 279 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് റിഷാദ് ബദിയുദ്ദീന്‍ അറസ്റ്റിലായത്. 2009-ലെ റിഷാദ് ബദിയുദ്ദീന്റെ കാസര്‍ഗോഡ്‌ സന്ദര്‍ശനത്തെക്കുറിച്ചും കേരളത്തിലെ ചില മതനേതാക്കളുമായുള്ള അടുപ്പത്തെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് ദേശീയ മാധ്യമമായ 'ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളാ പോലീസ് തലവന്‍ ലോക്നാഥ്‌ ബഹ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

2013-ല്‍ റിഷാദ് ബദിയുദ്ദീന്‍ ശ്രീലങ്കയിലെ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയില്‍ പ്രത്യേകിച്ച് ചെന്നൈയില്‍ നടത്തിയ സന്ദര്‍ശനത്തിനിടക്ക് കേരളത്തിലെ ചില മതനേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായി ഐ.ബി ക്കും, പോലീസിനും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. റിഷാദിന്റെ പിതാവ് കാസര്‍ഗോഡ്‌ ജില്ലയിലെ പടന്ന സ്വദേശിയാണെന്നും, പടന്നയിലെ ചിലരുമായി അദ്ദേഹം ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഐ.ബി ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് 'ഇന്ത്യന്‍ എക്സ്പ്രസ്'-ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.ബി.യും, നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും (എന്‍.ഐ.എ) ശ്രീലങ്കന്‍ സര്‍ക്കാരുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീലങ്കന്‍ ഇസ്ലാമിക് സ്റ്റേറ്റിലെ സഹ്രാന്‍ ഹാഷിമുമായി സമൂഹമാധ്യമത്തില്‍ കൂടി ബന്ധപ്പെട്ട ഒരു തമിഴ്നാട് സ്വദേശിയെ അറസ്റ്റുചെയ്യുക വഴി 2019 ജൂണില്‍ തമിഴ്നാട്ടിലെ ‘ഇസ്ലാമിക് സ്റ്റേറ്റ്’ ഘടകത്തെ തകര്‍ക്കുവാന്‍ എന്‍.ഐ.എയ്ക്കു സാധിച്ചിരുന്നു. കൊളംബോ ആക്രമണങ്ങളിലെ ചാവേറുകളില്‍ ഒരാള്‍ ഹാഷിമാണ്. അതേസമയം തീവ്രവാദ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബദിയുദ്ദീന്‍ അറസ്റ്റിലായിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ സഹോദരനായ റിയാജ് ബദിയുദ്ദീന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച റിയാജ് ബദിയുദ്ദീന്‍ വീണ്ടും അറസ്റ്റിലായിരിക്കുകയാണ്. 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാനായി പടന്നയില്‍ നിന്ന് കാണാതായ അഞ്ചു മുസ്ലീം കുടുംബങ്ങളുമായി ബന്ധപ്പെടുത്തിയാണ് ബദിയുദ്ദീന്റെ കാസര്‍ഗോഡ്‌ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. ഈ കുടുംബങ്ങളെക്കുറിച്ച് നേരത്തേ നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ ചിലര്‍ സിറിയയിലേക്ക് പോകുന്നതിന് മുന്‍പ് ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ നാഷ്ണല്‍ തൗഹീദ് ജമാഅത്തിന്റെ കീഴില്‍ പരിശീലനം നേടിയിരുന്നതായി വ്യക്തമായിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »