Life In Christ - 2025

യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 04-05-2021 - Tuesday

വത്തിക്കാന്‍ സിറ്റി: നാം യേശുവിൽ വസിക്കുന്നില്ലെങ്കിൽ, നമുക്ക് നല്ല ക്രിസ്ത്യാനികളാകാൻ കഴിയില്ലായെന്നും യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച പതിവ്പോലെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു മുന്‍പ് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മുന്തിരിചെടിയിലെ ശാഖകളെന്ന നിലയിൽ നാം നൽകേണ്ട ഫലം നമ്മുടെ ക്രിസ്തീയ ജീവിത സാക്ഷ്യമാണ്. മുന്തിരിച്ചെടിക്ക് ശാഖകൾ എന്ന പോലെ, യേശുവിന് നമ്മെയും ആവശ്യമുണ്ടെന്നും യേശുവിന് നമ്മെ ആവശ്യമുള്ളത് ഏത് അർത്ഥത്തിലാണെന്ന് ചിന്തിക്കണമെന്നും നമ്മുടെ സാക്ഷ്യം അവിടത്തേക്ക് ആവശ്യമുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

സുവിശേഷം വചനപ്രവർത്തികളിലൂടെ പ്രഘോഷിക്കുന്നത് തുടരുകയെന്നത്- യേശു പിതാവിൻറെ പക്കലേക്ക് ആരോഹണം ചെയ്തതിനു ശേഷം, ശിഷ്യന്മാരുടെ കടമയാണ്, നമ്മുടെ കടമയാണ്. യേശുവിൻറെ ശിഷ്യന്മാരായ നാം അവിടത്തെ സ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് അത് ചെയ്യുക. അവിടെ പുറപ്പെടുവിക്കേണ്ട ഫലം സ്നേഹമാണ്. ക്രിസ്തുവിനോട് ചേർന്നുനിന്ന് നാം പരിശുദ്ധാത്മാവിൻറെ ദാനങ്ങൾ സ്വീകരിക്കുന്നു, അങ്ങനെ നമുക്ക് മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കഴിയുന്നു, സമൂഹത്തിനും സഭയ്ക്കും നന്മ ചെയ്യാനും സാധിക്കുന്നു. ഫലങ്ങളിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയാൻ കഴിയും. ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നു. അതിനുള്ള മാര്‍ഗ്ഗങ്ങളും പാപ്പ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

അത് ചെയ്യാൻ നമുക്ക് എങ്ങനെ കഴിയും? യേശു നമ്മോടു പറയുന്നു: "നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്കാവശ്യമുള്ളത് ചോദിക്കുക, അത് നിങ്ങൾക്ക് ലഭിക്കും" (യോഹന്നാൻ 15:7). ഇതും ഒരു ധൈര്യമാണ്: നാം ആവശ്യപ്പെടുന്നത് നമുക്ക് ലഭിക്കും എന്ന ഉറപ്പ്. നമ്മുടെ ജീവിതത്തിൻറെ ഫലപ്രാപ്തി പ്രാർത്ഥനയെ ആശ്രയിച്ചിരിക്കുന്നു. അവിടുത്തെപ്പോലെ ചിന്തിക്കാനും, അവിടത്തെപ്പോലെ പ്രവർത്തിക്കാനും, ലോകത്തെയും വസ്തുക്കളെയും യേശുവിൻറെ കണ്ണുകളാൽ കാണാനും കഴിയുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

അങ്ങനെ, അവിടുന്നു ചെയ്തതുപോലെ, ഏറ്റം പാവപ്പെട്ടവരും ക്ലേശിതരുമായർ മുതല്‍ നമ്മുടെ എല്ലാ സഹോദരീസഹോദരന്മാരെ അവിടുത്തെ ഹൃദയംകൊണ്ടു സ്നേഹിക്കാനും ലോകത്തിലേക്ക് നന്മയുടെ ഫലങ്ങൾ, ഉപവിയുടെ ഫലങ്ങൾ, സമാധാനത്തിൻറെ ഫലങ്ങൾ കൊണ്ടുവരാനും നമുക്കു സാധിക്കും. പരിശുദ്ധ കന്യാമറിയത്തിൻറെ മാധ്യസ്ഥം യാചിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 60