Life In Christ - 2025

യൂട്യൂബിലൂടെ യേശുവിനെ അറിഞ്ഞ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു: മുന്‍ ബുദ്ധമതാനുയായി ട്രൂക്ക് ലാമിന്റെ ഇപ്പോഴത്തെ ആഗ്രഹം വൈദികനാകാന്‍

പ്രവാചക ശബ്ദം 26-04-2021 - Monday

ദൈവത്തിന്റെ പദ്ധതികള്‍ വിസ്മയാവാഹമാണ് എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് വിശുദ്ധ കുര്‍ബാനയുടെ യൂട്യൂബ് വീഡിയോകള്‍ കണ്ടതു വഴി യേശുവിനെ രക്ഷകനെ നാഥനുമായി സ്വീകരിച്ച ക്രൈസ്തവനായ ട്രൂക്ക് ലാം എന്ന ബുദ്ധിസ്റ്റ് കൗമാരക്കാരന്റെ ജീവിതകഥ. 2017-ല്‍ തന്റെ പതിനാലാമത്തെ വയസ്സില്‍ വിയറ്റ്നാമിലെ കിയന്‍ ഗിയാങ് പ്രവിശ്യയിലെ റാച്ച് ഗിയായിലെ ചു വാന്‍ ആന്‍ സെക്കണ്ടറി സ്കൂളില്‍ എട്ടാം ഗ്രേഡില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ച്ച് ബിഷപ്പ് പോള്‍ ബുയി വാന്‍ ഡോക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ വീഡിയോ യൂട്യൂബിലൂടെ കണ്ടതാണ് ട്രൂക്ക് ലാമിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സഹായമെത്രാനായിരുന്ന ലൂയീസ് ഗൂയെന്‍ ആന്‍ ടുവാനെയുടെ വിശുദ്ധ കുര്‍ബാനകളുടെ വീഡിയോയും, വിവാഹം, കുടുംബം, കുടിയേറ്റം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ദൈവസ്നേഹത്തെക്കുറിച്ചുള്ള ബോധ്യം തന്നില്‍ ഉളവാക്കിയെന്ന് ട്രൂക്ക് ലാം പറയുന്നു.

ഈ രണ്ടു മെത്രാന്‍മാരുടെ വിശുദ്ധ കുര്‍ബാനകളുടെ വീഡിയോകളുടെ സ്വാധീനത്തില്‍ അവരെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ട്രൂക്ക് ലാം ഇന്റര്‍നെറ്റിനെ ആശ്രയിക്കുകയായിരുന്നു. “ദൈവം എന്റെ ആനന്ദത്തിന്റെ ഉറവിടം” എന്ന മുദ്രാവാക്യം വാന്‍ ഡോക്ക് മെത്രാപ്പോലീത്ത സ്വീകരിച്ചതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച ട്രൂക്ക് ലാം പതിയെപ്പതിയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകൃഷ്ടനായി തീരുകയായിരിന്നു. കത്തോലിക്കനാകുവാനുള്ള തന്റെ ആഗ്രഹം കടുത്ത ബുദ്ധമത വിശ്വാസികളായ മുത്തശ്ശിയേയും, മാതാപിതാക്കളേയും നിരാശപ്പെടുത്തിയെങ്കിലും പുരോഗമനവാദികളായ അവർ ട്രൂക്കിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തിയില്ല.

“നീ രോഗിയായിരുന്നപ്പോഴൊക്കെ താന്‍ ബുദ്ധനോട് നിന്റെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു” എന്ന് സങ്കടത്തോടെയുള്ള മുത്തശ്ശിയുടെ പരാതിക്ക്, “ദൈവം ഇതാണ് ആഗ്രഹിക്കുന്നതെങ്കില്‍, എനിക്കെന്ത് ചെയ്യുവാന്‍ കഴിയും?” എന്നായിരുന്നു ട്രൂക്കിന്റെ മറുപടി. കത്തോലിക്കര്‍ നായകളുടെ ഇറച്ചി കഴിക്കുന്നവരും, ഒരു അപ്പകഷണം വിശുദ്ധമായി കരുതുന്നവരുമാണെന്നായിരുന്നു കാനഡയില്‍ താമസിക്കുന്ന അമ്മാവന്‍ ട്രൂക്കിനെ നിരുത്സാഹപ്പെടുത്തുവാന്‍ പറഞ്ഞത്. എന്നാല്‍ എതിര്‍പ്പുകളെ താന്‍ അനുഭവിച്ചറിഞ്ഞ വിശ്വാസത്തിന്റെ പരിചക്കൊണ്ട് അവന്‍ നേരിട്ടു. എതിര്‍ക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ് അക്കാലയളവില്‍ ട്രൂക്ക് ചെയ്തത്.

ഒടുവില്‍ എതിർപ്പുകളെ അതിജീവിച്ച് കുടുംബാംഗങ്ങളുടെ അനുവാദത്തോടെ 2020 ഒക്ടോബര്‍ 24-ന് കാന്‍ തോ രൂപതയിലെ വി ഹുങ് ഇടവകയില്‍വെച്ച് ഫാ. അന്‍ഫോങ്സോ ലെ കിന്‍ താച്ചില്‍ നിന്നും ട്രൂക്ക് ലാം മാമ്മോദീസ സ്വീകരിച്ചു വിശ്വാസ സ്ഥിരീകരണം നടത്തി. ലൂയീസ് എന്ന പേരാണ് മാമ്മോദീസ നാമമായി അവന്‍ സ്വീകരിച്ചത്. ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ സന്തോഷം കൊണ്ട് താന്‍ കരഞ്ഞുവെന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനു ശേഷം തന്നില്‍, അനുകമ്പയും, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുവാനുമുള്ള മനോഭാവവും ഉണ്ടായെന്നും ലൂയീസ് പറയുന്നു. ഇന്ന് ഒരു ദിവസവും മുടങ്ങാതെ പള്ളിയില്‍ പോകുന്ന കടുത്ത കത്തോലിക്കാ വിശ്വാസിയാണ് ലൂയീസ്. ഒരു കത്തോലിക്കാ വൈദികനാകണമെന്നാണ് ട്രൂക്ക് ലാമിന്റെ ഇപ്പോഴത്തെ ആഗ്രഹം. ചെറിയ തോതിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളും അവന്‍ നടത്തിവരുന്നുണ്ട്. സദാസമയവും ഓണ്‍ലൈനില്‍ കഴിയുന്ന പുതു തലമുറക്ക് വലിയ വിശ്വാസവെളിച്ചമേകുന്ന ലൂയിസിന്റെ ജീവിതകഥ നിരവധി പേരെയാണ് സ്വാധീനിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 59