News - 2025
കൊളംബിയയില്‍ സമാധാന പുനഃസ്ഥാപനത്തിനായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മിലിട്ടറി മെത്രാന്‍
പ്രവാചക ശബ്ദം 20-05-2021 - Thursday
ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയില്‍ നടന്നുവരുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ നിരവധിപേരുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി തുടര്‍ച്ചയായ 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി കൊളംബിയയിലെ മിലിട്ടറി ബിഷപ്പ്. ഇന്നു മെയ് 20 രാവിലെ 8 മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 6.30) ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധന മെയ് 21 രാവിലെ 8 മണിക്കാണ് അവസാനിക്കുക. ഏപ്രില്‍ 28ന് ആരംഭിച്ച ദേശീയ ഹര്‍ത്താല്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് രാജ്യത്തെ സമാധാനാന്തരീക്ഷം നഷ്ട്ടമായത്. രാജ്യത്തെ എല്ലാ സൈനീക ചാപ്പലുകളിലും, ദേശീയ കര നാവിക വ്യോമസേനയും പോലീസും ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കുന്നുണ്ടെന്ന് മിലിട്ടറി മെത്രാനായ ആര്‍ച്ച് ബിഷപ്പ് വിക്ടര്‍ ഒച്ചോവ കഡാവിഡ് ‘എ.സി.ഐ പ്രെന്‍സ’യോട് പറഞ്ഞു.
“ദൈവത്തിന്റെ ഏക ജനമെന്ന നിലയില്‍ നമുക്ക് പ്രാര്‍ത്ഥനയിലൂടെ ഐക്യപ്പെടാം” എന്നതാണ് ദിവ്യകാരുണ്യ ആരാധനയുടെ മുഖ്യപ്രമേയം. ദേശീയ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന ഇടതുപക്ഷ സംഘടനകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളില്‍ കൊളംബിയയിലെ കത്തോലിക്കാ സഭയും പങ്കാളിയായിരുന്നു. ബൊഗോട്ടയുടെ പടിഞ്ഞാറുള്ള കോംപെന്‍സാര്‍ ആസ്ഥാനത്ത് വെച്ച് കൊളംബിയന്‍ സര്‍ക്കാരും, നാഷണല്‍ അണ്‍എംപ്ലോയ്മെന്റ് കമ്മിറ്റിയും, കൊളംബിയന്‍ മെത്രാന്‍ സമിതി (സി.ഇ.സി) പ്രതിനിധി മോണ്‍. ഹെക്ടര്‍ ഫാബിയോ ഹെനാവോയും പങ്കെടുത്ത ചര്‍ച്ചയുടെ രണ്ടാം ദിവസമായ മെയ് 17ന് അക്രമമാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുവാനും, ജനങ്ങളുടെ ജീവനെടുക്കുന്ന നടപടികള്‍ അവസാനിപ്പിക്കുവാനും മോണ്‍. ഹെനാവോ ആവശ്യപ്പെട്ടു.
അക്രമത്തിനു പകരം വാക്കുകളുടെ ധൈര്യവും ശക്തിയും വീണ്ടെടുക്കുകയാണ് വേണ്ടതെന്നും മോണ്‍. ഹെനാവോ ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റ് ഇവാന്‍ ഡൂക്ക് നിര്‍ദ്ദേശിച്ച വിവാദ നികുതി പരിഷ്കാരങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ യൂണിറ്റാരിയ ഡെ ട്രാബാജാഡോര്‍സ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ദേശവ്യാപക സമരം ക്രമേണ അക്രമാസക്തമാവുകയായിരുന്നു. കലാപ വിരുദ്ധ സേനയെ (എസ്മാദ്) പിന്‍വലിക്കുവാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുവരെ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 42 പേരാണ് സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ആയിരത്തിയഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക