News - 2025

ആരാധന തിരുസംഘത്തിന് പുതിയ തലവന്‍: കര്‍ദ്ദിനാള്‍ സാറയുടെ പിന്‍ഗാമി ആർച്ച് ബിഷപ്പ് ആർതർ റോച്ചേ

പ്രവാചക ശബ്ദം 28-05-2021 - Friday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവനായി ബ്രിട്ടീഷ് വംശജനായ ആർച്ച്ബിഷപ്പ് ആർതർ റോച്ചേയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ടോർടോണ മെത്രാൻ വിട്ടോറിയോ ഫ്രാൻസിസ്കോ വിയോളയെ കോൺഗ്രിഗേഷൻ സെക്രട്ടറിയായും, യൂറേലിയോ ഗാർസിയ മാർസിയസിനെ അണ്ടർ സെക്രട്ടറി പദവിയിലും നിയമിച്ചതായി ഇന്നലെ മെയ് 27നു വത്തിക്കാൻ അറിയിച്ചു. തിരുസംഘത്തിന്റെ തലവനായി ആറുവർഷത്തോളം സേവനം ചെയ്ത കർദ്ദിനാൾ സാറ 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് ഫെബ്രുവരി മാസമാണ് മാർപാപ്പയ്ക്ക് രാജി സമർപ്പിച്ചത്. ഗിനിയൻ കർദ്ദിനാളായ റോബർട്ട് സാറ കൂരിയയിലെ തന്നെ ഏറ്റവും മുതിർന്ന ആഫ്രിക്കൻ പ്രതിനിധിയായിരുന്നു.

2012 മുതൽ ആരാധനാതിരുസംഘത്തിന്റെ ഭാഗമാണ് 71 വയസ്സുള്ള റോച്ചേ. അന്നത്തെ മാര്‍പാപ്പയായിരിന്ന ബനഡിക്ട് പതിനാറമാനാണ് അദ്ദേഹത്തെ തിരുസംഘത്തിലേക്ക് ആദ്യമായി നിയമിച്ചത്. 2001ൽ ഒരു വർഷം അദ്ദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തിരിന്നു. പിന്നീട് 2004 മുതൽ 2012 വരെ ലീഡ്സ് രൂപതയുടെ മെത്രാനായി അദ്ദേഹം ശുശ്രൂഷ ചെയ്തു. വിശുദ്ധ കുർബാനയുടെ ഇംഗ്ലീഷ് തർജ്ജമയെ പറ്റി പഠിക്കാൻ വത്തിക്കാൻ നിയമിച്ച അന്താരാഷ്ട്ര കമ്മീഷനിലും അദ്ദേഹം അംഗമായിരുന്നു. ആരാധന തിരുസംഘത്തിന്റെ സെക്രട്ടറി എന്ന നിലയിൽ നിരവധി നിർണായക ചുമതലകൾ റോച്ചേയെ മാർപാപ്പ ഏൽപ്പിച്ചിട്ടുണ്ട്.

പുതിയ സെക്രട്ടറി വിട്ടോറിയോ വിയോള ഫ്രാൻസിസ്കൻ സഭാംഗമാണ്. അസീസിയിലെ പേപ്പൽ ബസലിക്കയായ സെന്റ് മേരി ഓഫ് ദി എയ്ഞ്ചൽസിന്റെ ചുമതല ഉണ്ടായിരുന്ന വിയോള ഏതാനും നാൾ അസീസിയിലെ കാരിത്താസിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ആരാധന തിരുസംഘത്തിന്റെ സെക്രട്ടറി പദവി 2003 മുതൽ 2005 വരെ വഹിച്ച അസീസി ബിഷപ്പ് ഡോമിനികോ സൊറൺഡീനോയുടെ സുഹൃത്തുകൂടിയാണ് വിയോള. പുതിയ അണ്ടർ സെക്രട്ടറി യൂറേലിയോ ഗാർസിയ മാർസിയസ് സ്പാനിഷ് വംശജനാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »