News - 2025

വിലാപമൊഴിയാതെ പാക്ക് ക്രൈസ്തവര്‍: സുനിതയ്ക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂടി കൂട്ടബലാത്സംഗത്തിനിരയായി

പ്രവാചക ശബ്ദം 29-05-2021 - Saturday

കറാച്ചി: പാക്കിസ്ഥാനില്‍ പതിമൂന്നുകാരിയായ സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനും ക്രൂര മര്‍ദ്ദനത്തിനും ഇരയായ വാര്‍ത്തയ്ക്കു തൊട്ടുപിന്നാലെ പതിമൂന്നുകാരിയായ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും മാനഭംഗത്തിനിരയായതായി റിപ്പോര്‍ട്ട്. കറാച്ചി എയര്‍പോര്‍ട്ടിന് സമീപമുള്ള ഭിട്ടയ്യാബാദില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഷീസാ വാരിസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് സ്വഭവനത്തില്‍വെച്ച് ബലാത്സംഗത്തിനിരയായത്. മാതാപിതാക്കള്‍ ജോലിയ്ക്കു പോയ സമയത്തു വീട്ടില്‍ അതിക്രമിച്ചു കയറിയ മുഹമ്മദ്‌ നോമന്‍, സഹീര്‍, സയിന്‍ എന്നീ മുസ്ലീം യുവാക്കളാണ് ഷീസയെ മാനഭംഗത്തിനിരയാക്കിയത്. ഇതില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളില്‍ ഒരാള്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയില്‍ അംഗമായതിനാല്‍ കേസ് ഒഴിവാക്കാന്‍ ശക്തമായ സമ്മര്‍ദ്ധ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഏഷ്യാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഷീസയെ വൈദ്യപരിശോധനകള്‍ക്കായി ജിന്ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തെരുവില്‍ തൂപ്പുജോലി ചെയ്യുന്ന തങ്ങള്‍ രാവിലെ എട്ടുമണിക്ക് ജോലിക്ക് പോകുമെന്നും ജോലിയിലായിരുന്ന സമയത്താണ് ഈ അതിക്രമം നടന്നതെന്നും ഷീസയുടെ പിതാവായ വാരിസ് വെളിപ്പെടുത്തി. 4 മണിയോടെ തങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഈ അതിക്രമത്തെക്കുറിച്ച് കുഞ്ഞുങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുപ്പക്കാരില്‍ ഒരാളെ വാതില്‍ക്കല്‍ കാവല്‍ നിറുത്തിക്കൊണ്ടാണ് മറ്റു രണ്ടുപേരും ഷീസയെ ബലാല്‍സംഗം ചെയ്തത്. മാതാപിതാക്കളോടും പോലീസിനും ഇക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുറ്റവാളികള്‍ ഷീസയെ ഭീഷണിപ്പെടുത്തിയതായും വാരിസ് പറയുന്നു. വാതില്‍ക്കല്‍ കാവല്‍ നിന്ന സെയിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

രക്ഷപ്പെട്ട മറ്റ് രണ്ടുപേരും ഇപ്പോള്‍ ഒളിവിലാണ്. രാഷ്ട്രീയ സമ്മര്‍ദ്ധമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. നിസ്സഹായരായ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമത്തെ അപലപിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയുവാന്‍ സര്‍ക്കാര്‍ വ്യക്തവും, ശക്തവുമായ നടപടികള്‍ കൈകൊള്ളണമെന്ന്‍ ‘ക്രിസ്റ്റ്യന്‍ പീപ്പിള്‍സ് അലയന്‍സ്’ പ്രസിഡന്റ് ദിലാവര്‍ ഭട്ടി ആവശ്യപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാരുടെ പ്രതികരണം പുറത്തുവരാത്തത് കുറ്റവാളികളുടെ രാഷ്ട്രീയ ബന്ധം പോലീസിന്റേയും, ഡോക്ടര്‍മാരുടേയും നടപടികളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം ഉളവാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തു മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും, കറാച്ചിയില്‍ ഈ മാസം മാത്രം ഇത്തരത്തിലുള്ള രണ്ടാമത്തെ അതിക്രമമാണിതെന്നും ഭട്ടി പറഞ്ഞു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ‘ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മിറ്റി’യിലെ കാഷിഫ് ആന്തണി ആവശ്യപ്പെട്ടു. ഷീസയുടെ കുടുംബത്തിനു വേണ്ട നിയമസഹായം, കമ്മിറ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ വഴി ഈ കേസും അധികാരികള്‍ ഒഴിവാക്കുമോയെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ ദിവസം ഫൈസലാബാദില്‍ കലിമ ചൊല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായിരിന്നു. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »