News - 2025

ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു

പ്രവാചക ശബ്ദം 31-05-2021 - Monday

മുംബൈ: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ തലോജ ജയിലില്‍ കഴിഞ്ഞിരുന്ന 84 കാരനായ സ്റ്റാന്‍ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച സബര്‍ബന്‍ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടന്ന പരിശോധനയിലാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. രക്തസമ്മര്‍ദം താഴ്ന്ന നിലയിലാണെന്നും താന്‍ തികച്ചും ക്ഷീണിതനാണെന്നും സഹവൈദികനായ ഫാ. ജോസഫ് സേവ്യറിനെ ഫോണില്‍ വിളിച്ച് ഫാ.സ്റ്റാന്‍ സ്വാമി പറഞ്ഞു.

രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി ഫാ. സ്റ്റാന്‍ സ്വാമിയെ ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റാനാണു ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മിഹിര്‍ ദേശായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. എല്‍ഗാര്‍ പരിഷത്-മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമി 2020 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയാണ്.


Related Articles »