News
ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ശ്രമിച്ചവരില്‍ പൂനെ പോലീസുമായി ബന്ധമുള്ള വാടക ഹാക്കർ സംഘവും
15-03-2024 - Friday
മുംബൈ: ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാൻ സ്വാമിയുൾപ്പെടെ 16 പേരെ മനഃപൂർവം കുടുക്കി തടവിലാക്കാൻ ഉപയോഗിച്ചതായി പറയപ്പെടുന്ന തെളിവുകൾ കുറ്റാരോപിതരുടെ കംപ്യൂട്ടറുകളിൽ സ്ഥാപിച്ചത് പൂനെ പോലീസുമായി ബന്ധമുള്ള വാടക ഹാക്കർ സംഘമാണെന്നു വെളിപ്പെടുത്തൽ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സ് ആന്ത്രോപ്പോളജി പ്രഫസറും ബ്രിട്ടീഷ് എഴുത്തുകാരിയുമായ ആൽഫാ ഷായുടെ “ദ ഇൻകാർസെറേഷൻസ്: ഭീമ കൊറേഗാവ് ആൻഡ് ദ സേർച്ച് ഫോർ ഡെമോക്രസി ഇൻ ഇന്ത്യ" എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്നതും ലോകമെങ്ങും വേരുകളുള്ളതുമാണ് ഈ ഹാക്കർ സംഘം. വിദൂരനിയന്ത്രിത സംവിധാനം വഴിയാണ് കുറ്റാരോപിതരുടെ കംപ്യൂട്ടറുകളിൽ വ്യാജ തെളിവുകളടങ്ങിയ രേഖകൾ ഹാക്കർ സംഘം നിക്ഷേപിച്ചത്. ഈ ഹാക്കർ സംഘവുമായി ഒരു പൂനെ പോലീസ് ഓഫീസർക്ക് അടുത്ത ബന്ധമുണ്ടെന്ന് പുസ്‌തകത്തിൽ പറയുന്നു. ഭീമ കൊറേഗാവ് സംഭവത്തിലെ പ്രതികളിൽ കുറഞ്ഞത് മൂന്നു പേരുടെയെങ്കിലും കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നതിനും അവരെ കുടുക്കാൻ ഉപയോഗിച്ച ഇ-മെയിലുകളും ഫയലുകളും സൃഷ്ടിച്ചതിലും പോലീസിൻ്റെ പങ്കിനെക്കുറിച്ച് പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ഫാ. സ്റ്റാൻ സ്വാമി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി യുഎസ് ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ നേരത്തെ വിശദമായി പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലും അൻപതിലേറെ ഫയലുകള്‍ സ്റ്റാൻ സ്വാമിയുടെ ഹാർഡ് ഡിസ്ക്കില്‍ സൃഷ്ടിച്ചതെന്നു വ്യക്തമായിരിന്നു. ഏറ്റവുമവസാനമായി 2019 ജൂൺ 5നാണ് കൃത്രിമ തെളിവ് സൃഷ്ടിച്ചതെന്നും ആഴ്സണൽ കൺസൾട്ടിംഗ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഭീമ കൊറേഗാവ് യുദ്ധത്തിൻ്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും ഇതിനു മുന്നോടിയായി നടന്ന എൽഗാർ പരിഷത്ത് എന്ന ദളിത് സംഗമവുമായും മാവോയിസ്റ്റ് സംഘടനകളുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അന്ന് 83 വയസുണ്ടായിരുന്ന ഫാ. സ്റ്റാൻ സ്വാമിയടക്കമുള്ള മനുഷ്യാവകാശ, വിദ്യാഭ്യാസ പ്രവർത്തകരായ 16 പേരെ പോലീസ് അറസ്റ്റ് ചെയ്‌തത്.
2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു.
ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി. 2021 ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെ ബ്രിട്ടീഷ് പാർലമെന്റൂം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും, യുഎന്നും അപലപിച്ചിരുന്നു.