News - 2025
ഫുലാനികള്‍ വീണ്ടും: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 37 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടു
പ്രവാചക ശബ്ദം 31-05-2021 - Monday
അബൂജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 37 ക്രൈസ്തവ വിശ്വാസികളെ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 15 പേരെ ഏപ്രിൽ മാസവും 22 പേരെ മെയ് മാസം 23നും തീവ്രവാദ ചിന്താഗതിയുള്ള ഗോത്രവർഗ്ഗക്കാർ കൊലപ്പെടുത്തിയെന്നാണ് മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരേ കുടുംബത്തിലെ തന്നെ എട്ട് പേർക്ക് ജീവൻ നഷ്ടമായെന്ന് പ്രദേശവാസിയായ സോളമൻ മാൻഡിക്ക് എന്നയാൾ ന്യൂസ് ഏജൻസിയോട് പറഞ്ഞു. വെടിയൊച്ച കേട്ട് കഴിഞ്ഞപ്പോൾ ഒളിക്കേണ്ടതായി വന്നെന്നും, ഫുലാനികൾ അല്ലാഹു അക്ബർ എന്ന് വിളിച്ചാണ് കൊലപാതകങ്ങൾക്ക് ശേഷം തിരികെ മടങ്ങിയതെന്നും അസബേ സാമുവേൽ എന്ന മറ്റൊരു വ്യക്തി മോർണിംഗ് സ്റ്റാറിനോടു വെളിപ്പെടുത്തി.
അന്ധനായ ഭർത്താവും, രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്ന അവുക്കി മാത്യു എന്ന ക്രൈസ്തവ വനിതയും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. അവരുടെ ഭർത്താവിനെ ആര് നോക്കുമെന്ന ചോദ്യം അസബേ സാമുവേൽ ഉന്നയിച്ചു. സംഭവം അറിയിച്ചതിനു ശേഷം വളരെ താമസിച്ചാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ഒരു പ്രാദേശിക പ്രൊട്ടസ്റ്റൻറ് സഭയുടെ പാസ്റ്റർ ജോനാഥൻ ബാല പറഞ്ഞു. 40 മിനിറ്റോളം ഫുലാനികൾ അക്രമം നടത്തിയിട്ടും പോലീസിനോ, പട്ടാളത്തിനോ ഇടപ്പെടാൻ സാധിച്ചില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലാണ് അവർ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവുമധികം അതിക്രമങ്ങൾ നടത്തുന്ന തീവ്രവാദ സംഘടനകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഫുലാനികൾ ഇപ്പോൾ ഉള്ളത്. കൃഷിസ്ഥലങ്ങൾ പിടിച്ചെടുത്ത്, പ്രദേശത്ത് ശരിയത്ത് നിയമം നടപ്പിലാക്കുകയാണ് ഇവരുടെ ഉദ്ദേശമെന്ന് കരുതപ്പെടുന്നു.