India - 2024

ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മാത്രമല്ല പ്രാതിനിധ്യത്തിലും തുല്യനീതി വേണം: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

പ്രവാചക ശബ്ദം 03-06-2021 - Thursday

കോട്ടയം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മാത്രമല്ല ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെടുന്ന വിവിധ സമിതികളിലും ക്രൈസ്തവര്‍ക്ക് തുല്യനീതി നടപ്പിലാക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 80:20 അനുപാതം സംബന്ധിച്ചുള്ള കേസും കോടതിവിധിയും ഒരു തുടക്കം മാത്രമാണ്. നീതിനിഷേധത്തിന്റെയും വിവേചനത്തിന്റെയും ഒരു പരമ്പര തന്നെയാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് തുടര്‍ന്നത്. ന്യൂനപക്ഷ കമ്മീഷനിലെ ക്രൈസ്തവ പ്രാതിനിധ്യം അട്ടിമറിക്കാനാണ് ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്തത്.

ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 2014 പ്രകാരം ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഒരു ന്യൂനപക്ഷ മതവിഭാഗത്തില്‍ നിന്നാണെങ്കില്‍ മെംബര്‍ മറ്റൊരു വിഭാഗത്തില്‍ നിന്നാണ് വേണ്ടത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മറ്റൊരു എന്നത് തിരുത്തി ഒരു എന്നാക്കി ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയതില്‍ എന്ത് നീതീകരണമാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടിലൂടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയുടെ നടത്തിപ്പു സമിതിയില്‍ സംസ്ഥാനത്തെ ഓരോ ജില്ലയിലും മൂന്ന് ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധികളാണുള്ളത്. കേരളത്തിലെ പത്തനംതിട്ട ഒഴികെ 13 ജില്ലകളില്‍ ഈ സമിതിയുണ്ട്. ആകെ നിയമിക്കപ്പെട്ട 39 പേരില്‍ ഏഴു പേര്‍ മാത്രമാണ് ക്രൈസ്തവ പ്രതിനിധികള്‍.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭൂരിപക്ഷമായ ഇടുക്കി, എറണാകുളം ഉള്‍പ്പെടെ പല ജില്ലകളിലും ഒരു ക്രൈസ്തവ പ്രതിനിധികള്‍ പോലും ഈ സമിതിയിലില്ലാത്ത വലിയ വിവേചനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. കൂടുതല്‍ കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ ന്യൂനപക്ഷ മത വിഭാഗങ്ങളുമായി ബന്ധപ്പെടുന്ന സമിതികളിലും ക്രൈസ്തവര്‍ക്ക് ആനുപാതിക പ്രാതിനിധ്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.


Related Articles »