News - 2025

പത്തൊന്‍പത് മക്കളുടെ പിതാവ് നിരപ്പേല്‍ ഏബ്രഹാം ഓര്‍മയായി

ദീപിക 06-06-2021 - Sunday

കോട്ടയം: പത്തൊന്‍പത് മക്കള്‍ക്കു ജന്മം നല്‍കിയ വന്ദ്യപിതാവ് യാത്രയായി. മക്കള്‍ ദൈവത്തിന്റെ ദാനമെന്നു വിശ്വസിച്ച വെച്ചൂച്ചിറ നിരപ്പേല്‍ (പിണമറുകില്‍) എന്‍.എം. ഏബ്രഹാം (കുട്ടിപാപ്പന്‍) വിടപറയുന്‌പോള്‍ തൊണ്ണൂറു വയസായിരുന്നു. വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മണ്ണിനോടു പൊരുതി ജീവിച്ച മാതൃകാ കര്‍ഷകനുമായിരുന്ന എന്‍.എം. ഏബ്രഹാം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കുട്ടിപാപ്പനായിരുന്നു.

ഇടമറ്റത്തുനിന്ന് 75 വര്‍ഷം മുന്പ് കാളവണ്ടികളും കാട്ടുവഴികളും മാത്രമുണ്ടായിരുന്ന കാലത്താണ് സഹോദരന്‍ എന്‍.എം. വര്‍ക്കിക്കും അയല്‍വാസികള്‍ക്കുമൊപ്പം വെച്ചൂച്ചിറയിലെത്തിയത്. പിന്നീട് കഠിനാധ്വാനത്തില്‍ നാളുകള്‍. നെല്ലു വിതച്ചും കപ്പ നട്ടും അദ്ദേഹം ജീവിതം പടുത്തുയര്‍ത്തി. ഒപ്പം, ഇടുക്കി ജില്ലയിലെ പാണ്ടിപ്പാറ, ആനവിലാസം എന്നിവിടങ്ങളിലും കൃഷിയിറക്കി. കാട്ടുമൃഗങ്ങള്‍ ഏറെയുണ്ടായിരുന്ന അക്കാലത്ത് മരങ്ങളില്‍ ഏറുമാടം കെട്ടിയായിരുന്നു താമസം.

അന്നം തേടി മധ്യകേരളത്തിലെ വിവിധ ഗ്രാമങ്ങളില്നിഏന്നു കുടിയേറി വന്നവര്‍ക്കെല്ലാം കുട്ടിപാപ്പന്‍ കരുതലും സ്‌നേഹവും നല്‍കി. പെരുവന്താനം ഒട്ടലാങ്കല്‍ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. ഇവര്‍ക്കു ജനിച്ച 19 മക്കളില്‍ 15 പേര്‍ നാട്ടിലും വിദേശത്തുമായി കഴിയുന്നു. ത്രേസ്യാമ്മ, അന്നമ്മ, ആന്റണി, റാണി, ഗീത, ജെയിംസ്, വിന്‍സെന്റ്, ബിജു, സീന, സിസ്റ്റര്‍ ക്രിസ്റ്റീന എസ്എബിഎസ്, റെജീന, ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിള്‍ എന്നിവരാണ് മക്കള്‍. വീട്ടുമാമ്മോദീസ സ്വീകരിച്ച് മരിച്ച രണ്ടു കുഞ്ഞുങ്ങളുമുണ്ട്. 31 കൊച്ചുമക്കളുമുണ്ട്. ഏബ്രഹാമിന്റെ മൃതദേഹം ഇന്നു രാവിലെ ഒന്പതിനു ഭവനത്തിലെത്തിക്കും. സംസ്‌കാരം 11.30നു വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയ പള്ളിയില്‍.


Related Articles »